കൊട്ടാരക്കര (കൊല്ലം): കൊല്ലത്തും സദാചാരക്കൊല. കൊട്ടാരക്കര വാളകത്ത് അവിഹിതബന്ധം ആരോപിച്ച് യുവാവിനെ നിരവധിപേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. വാളകം അണ്ടൂര്‍ രത്‌നവിലാസത്തില്‍ അനില്‍കുമാറാണ് (42) കൊല്ലപ്പെട്ടത്. ജീപ്പ് ഡ്രൈവറായിരുന്ന അനില്‍കുമാറിന് എട്ടിന് രാത്രിയിലാണ് ക്രൂര മര്‍ദനമേറ്റത്. അനില്‍കുമാറിന് പ്രദേശവാസിയായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇത് ആരോപണവിധേയായ യുവതിയുടെ ഭര്‍ത്താവിന്റെ ചെവിയിലുമെത്തി.
തുടര്‍ന്ന് ഭര്‍ത്താവും സുഹൃത്തുക്കളുമടക്കം ഒരുസംഘം അനില്‍കുമാറിനെ പിടിക്കാന്‍ കാത്തിരുന്നു. ഇതറിയാതെ പ്രദേശത്തെത്തിയ അനില്‍കുമാറിനെ പിടികൂടി ഇവര്‍ ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ അനില്‍കുമാര്‍ ആരോടും പറയാതെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നാണക്കേട് ഭയന്ന് പോലീസിലും പരാതി നല്‍കിയില്ല.പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടില്‍ മടങ്ങിയത്തിയ അനില്‍കുമാറിന് പിന്നീട് തലയ്ക്ക് പെരുപ്പും മറ്റ് അസ്വസ്ഥതകളുമുണ്ടായി. തുടര്‍ന്ന് ശനിയാഴ്ച അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഉള്ളില്‍ ക്ഷതമേറ്റിരുന്നെന്ന് കണ്ടെത്തിയതിനാല്‍ ഞായറാഴ്ച രാത്രിയില്‍ തലയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. അനില്‍കുമാറില്‍ നിന്ന് വിവരം മനസ്സിലാക്കിയ ഭാര്യ ഞായറാഴ്ച കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി.റൂറല്‍ എസ്പി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ ഭര്‍ത്താവ് അടക്കം മൂന്നുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് രാത്രിയോടെ കേസ് രജിസ്റ്റര്‍ ചെയ്തു.പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം നടക്കുമ്ബോഴാണ് ഇന്നലെ പുലര്‍ച്ചെ അനില്‍കുമാര്‍ മരിച്ചത്. ഇതോടെ പോലീസ് കൊലപാതകത്തിന് കേസെടുത്തു.
ജീപ്പ് ഡ്രൈവര്‍ ആയിരുന്ന അനില്‍കുമാറിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധം നടത്തി. സംഭവത്തില്‍ ബന്ധമുള്ള ബെന്നി, വിനോദ്, സദാശിവന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മുഴുവന്‍ പ്രതികളും ഉടന്‍ പിടികൂടുമെന്നും കൊട്ടാരക്കര സി ഐ ബിനുകുമാര്‍ അറിയിച്ചു. അതേസമയം തിരുവല്ലത്തിനടുത്ത് വണ്ടിത്തടത്തില്‍ മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഏഴംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ പൊള്ളലേല്‍പ്പിക്കുകയും ചെയ്ത യുവാവ് മരിച്ചു.
വണ്ടിത്തടം പാപ്പാന്‍ചാണി പുതുവല്‍ പുത്തന്‍ വീട്ടില്‍ സ്റ്രീഫന്റെ മകന്‍ അജേഷാണ് (30) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ആറ് പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുംമുഖം ലെനാ റോഡില്‍ റോസ് ഹൗസില്‍ ആമത്തലയന്‍ എന്ന് വിളിക്കുന്ന ജിനേഷ് വര്‍ഗീസ് (28), കരമന മിത്രാ നഗര്‍ മാടന്‍കോവിലിന് സമീപം ഷഹാബുദ്ദീന്‍ (43), കുമാരപുരം സെന്റ്.ജോര്‍ജ് ലെയ്‌ന്‍ റ്റി.സി. 14/ 1157ല്‍ അരുണ്‍ (29), ചെറിയതുറ ഫിഷര്‍മെന്‍ കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന സജന്‍ (33), പാപ്പാന്‍ചാണി പൊറ്റവിള വീട്ടില്‍ റോബിന്‍സണ്‍ (39), മലപ്പുറം സ്വദേശി സജിമോന്‍ (35) എന്നിവരാണ് അറസ്റ്റിലായത്.
പാച്ചല്ലൂര്‍ സ്വദേശിയായ ആട്ടോ ഡ്രൈവറെ പിടികൂടാനുണ്ട്. മുട്ടയ്ക്കാട് ജംഗ്ഷനില്‍ നിന്ന് സംഘം ബുധനാഴ്ച അജേഷിനെ പിടിച്ചുകൊണ്ടുപോയി അയാളുടെ വീട്ടില്‍ കൊണ്ടുചെന്നാണ് മൃതപ്രായനാക്കിയത്. അജേഷ് പുറത്തേക്കോടി സമീപത്തെ പറമ്പില്‍ കുഴഞ്ഞുവീണു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. നാല്പത് ശതമാനം പൊള്ളലേറ്റ് ഐ.സി.യുവിലായിരുന്ന യുവാവ് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ മലപ്പുറം സ്വദേശിയായ സജിമോന്റെ മൊബൈല്‍ ഫോണും നാല്പതിനായിരം രൂപയടങ്ങിയ ബാഗും തമ്ബാനൂര്‍ ബസ് സ്റ്രാന്‍ഡില്‍ മോഷണം പോയി. കാതില്‍ കമ്മല്‍ ധരിച്ച യുവാവ് ഈ ഭാഗത്ത് കറങ്ങി നടന്നെന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോയതു കണ്ടെന്നും ചിലര്‍ പറഞ്ഞ പ്രകാരം സജിമോനും പിറകേ പോയി. കിഴക്കേകോട്ടയിലെത്തിയ ഇയാള്‍ കാര്യങ്ങള്‍ അവിടത്തെ ആട്ടോ ഡ്രൈവര്‍മാരോട് പറഞ്ഞു. രൂപസാദൃശ്യം കൊണ്ട് അത് അജേഷാണെന്ന് പാച്ചല്ലൂര്‍ സ്വദേശിയായ ആട്ടോഡ്രൈവര്‍ കൂടെയുള്ളവരോട് പറഞ്ഞു.
തുടര്‍ന്ന് ഇവര്‍ ആട്ടോയില്‍ സജിമോനൊപ്പം വണ്ടിത്തടം ജംഗ്ഷനിലെത്തി. പാപ്പാന്‍ചാണി സ്വദേശിയായ റോബിന്‍സണിന്റെ സഹായത്തോടെ അജേഷിന് കണ്ടെത്തി ആട്ടോയില്‍ കയറ്റി അജേഷിന്റെ വീട്ടിലെത്തിച്ചു. വീട്ടില്‍ തെരച്ചില്‍ നടത്തിയിട്ടും മൊബൈലും ബാഗും കണ്ടുകിട്ടാത്തതില്‍ പ്രകോപിതരായ പ്രതികള്‍ കമ്പ് കൊണ്ട് അടിക്കുകയും അജേഷിന്റെ ജനനേന്ദ്രിയത്തിലും പിന്‍ഭാഗത്തും വെട്ടുകത്തി ചൂടാക്കി പൊള്ളിക്കുകയും ചെയ്തു. തുടര്‍ന്ന് ചൂട്ടും ഉണക്കക്കൊള്ളികളും ശരീരത്തില്‍ വച്ച് പെട്രോളൊഴിച്ച് കത്തിച്ചു. സമീപത്തെ വയലില്‍ വൈകിട്ടോടെ അവശനിലയില്‍ അജേഷിനെ കണ്ടെത്തിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തിരുവല്ലം പൊലീസെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Post Your Comments