മരട്: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രദേശവാസികളുടെ ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്ത് വരുന്നത്. ഹോളി ഫെയ്ത്ത് ഫ്ലാറ്റിന് സമീപവും ആല്‍ഫ സെറൈന്‍ ഫ്ലാറ്റിന് സമീപവുമാണ് കൂടതല്‍ ജനവാസമുള്ളത്. ആല്‍ഫ ഫ്ളാറ്റിന് സമീപത്ത് വീട്ടുകാര്‍ ടി.വി.കണ്ടുകൊണ്ടിരിക്കെയാണ് വീടിന്‍റെ സീലിംഗ് ഇളകിവീണത്. മരട് നെടുംപിളളില്‍ ജനാര്‍ദ്ദനന്‍റെ വീടിന്‍റെ സീലീംഗാണ് ഇളകിവീണത്.
വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ ചായകുടിക്കാനായി ഡൈനിംഗ് ടേബിളില്‍ എത്തുന്നതിന് തൊട്ട് മുമ്പാണ് വലിയ ശബ്ദത്തോട് കൂടി സീലിംങ് അടര്‍ന്ന് താഴേയ്ക്ക് പതിച്ചത്. വലിയ അപകടമാണ് ഒഴിവായത്. യന്ത്രങ്ങള്‍ ഉപയോഗിച്ച് ഫ്ളാറ്റ് പൊളിക്കുന്ന പ്രവര്‍ത്തികള്‍ തുടര്‍ന്ന് വരുന്നതിനിടെയാണ് സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നത് പതിവ് സംഭവമാകുന്നത്. പല തവണ നഗരസഭയ്ക്ക് പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു. എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസും, സബ് കളക്ടര്‍ സ്നേഹില്‍ കുമാറും പ്രദേശത്തെ വീടുകളുടെ സുരക്ഷയില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെടുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ ഇങ്ങനെയാണെങ്കില്‍ സ്ഫോടനം നടത്തുമ്പോള്‍ എന്തു സംഭവിക്കും എന്ന ആശങ്കയിലാണ് ഇവര്‍. പല വീടുകളിലും വിളളലുണ്ടായിട്ടും പരിസരവാസികള്‍ക്കുളള ഇന്‍ഷ്വറന്‍സ് പരിരക്ഷയെ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ ഉറപ്പൊന്നും നല്‍കാത്തതിനെതിരെ പരിസരവാസികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
Post Your Comments