തിരുവനന്തപുരം: 2020 ജനുവരിയിൽ പൊളിച്ചുനീക്കിയ മരട് ഫ്ളാറ്റിലെ ഉടമകള്‍ക്ക് 91 കോടി രൂപ തിരിച്ചുനല്‍കി. ഫ്ളാറ്റ് നിര്‍മാതാക്കള്‍ കെട്ടിട ഉടമകള്‍ക്ക് നല്‍കിയ 120 കോടി രൂപയില്‍ 91 കോടി രൂപയാണ് ഇതിനകം തിരിച്ചുനല്‍കിയത്. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാവുന്നത്.
പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ള 272 ഫ്ളാറ്റുകളില്‍ 110 ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് അവര്‍ കെട്ടിട നിര്‍മ്മാതാവിന് നല്‍കിയ പണം പൂര്‍ണമായും തിരിച്ചുലഭിച്ചതായും ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി അറിയിച്ചു. ഗോള്‍ഡന്‍ കായലോരം (37 ഫ്ളാറ്റുകള്‍), ജെയിന്‍ കോറല്‍ കോവ് (73 ഫ്ളാറ്റുകള്‍) എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളിലെ ഫ്ളാറ്റുകളുടെ ആദ്യ ഉടമകള്‍ നിര്‍മാതാക്കള്‍ക്ക് നല്‍കിയ തുക പൂര്‍ണമായി തിരിച്ചു നല്‍കിക്കഴിഞ്ഞു. യഥാക്രമം 13.37 കോടിയും 32.16 കോടിയുമാണ് ഇങ്ങനെ തിരികെ നല്‍കിയത്.
Post Your Comments