
മരട്: തീരപരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്ഫോടനത്തിലൂടെ നിലം പൊത്തി. അല്പം വൈകി ആണെങ്കിലും ഗോള്‍ഡന്റെ മരണമണിയും മുഴങ്ങി. പതിമൂന്നു വര്‍ഷം ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ കയറിയിറങ്ങി നടത്തിയ വ്യവഹാരങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി കല്പിച്ച വിധിയാണ് നടപ്പിലായത്.
ആദ്യസൈറണ്‍ മുഴങ്ങിയത് അരമണിക്കൂറോളം വൈകിയാണ്. ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ പൊളിക്കുന്നതിന് മുമ്പുള്ള ആദ്യത്തെ സൈറണ്‍ 1.56 ന് മുഴങ്ങി. 1.30നായിരുന്നു സൈറണ്‍ മുഴക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജീവനക്കാര്‍ ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കാന്‍ വൈകിയതാണ് ആദ്യ സൈറണ്‍ മുഴക്കാന്‍ വൈകിയത്. രണ്ടാമത്തെ സൈറണ്‍ 2.19 ന് മുഴങ്ങിയതോടെ നാലാം തവണയും കേരളത്തിന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി. കൃത്യം 2.30 ന് ബ്ലാസ്റ്റര്‍ സ്വിച്ചില്‍ വിരലമര്‍ന്നതോടെ മരടിലെ അവസാന ഫ്ളാറ്റും നാമവശേഷമായി.
സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിക്കേണ്ട നാല് ഫ്‌ളാറ്റുകളില്‍ ഏറ്റവും വലിപ്പം കുറവ് ഗോള്‍ഡന്‍ കായലോരത്തിനായിരുന്നു.പൊളിച്ചു നീക്കാന്‍ ചിലവ് കുറവും വളരെ കുറച്ച് സ്‌ഫോടകവസ്തുകള്‍ മാത്രം വേണ്ടതും ഇവിയെയായിരുന്നു. 14.8 കിലോ സ്‌ഫോടക വസ്തുക്കള്‍ മാത്രമാണ് ഇതിനായി ഉപയോഗിച്ചത്. 17 നിലയുള്ള ഗോള്‍ഡന്‍ കായലോരം കെട്ടിടത്തില്‍ 40 അപ്പാര്‍ട്ടുമെന്റുകളാണ് ഉള്ളത്.
ഗോള്‍ഡന്‍ കായലോരത്തോട് ചേര്‍ന്നു കിടക്കുന്ന ഹീര അപ്പാര്‍ട്ട്‌മെന്റ്‌സിന്റേയും അംഗനവാടിയുടേയും സാന്നിധ്യം ഗോള്‍ഡന്‍ കായലോരം പൊളിക്കുമ്പോള്‍ ആശങ്ക ഉണര്‍ത്തിയിരുന്നു. തൊട്ടടുത്ത് നിന്ന അങ്കണവാടിക്ക് ഒരു പോറല്‍ പോലും ഇല്ലാത്തവിധമാണ് സ്‌ഫോടനം പൂര്‍ത്തിയായത്. അംഗനവാടിക്ക് കേടുപാടുകള്‍ വരാതെ കെട്ടിടം ഷീറ്റ് ഇട്ട് മറച്ചിരുന്നു.
Post Your Comments