തിരുവനന്തപുരം: രണ്ടാം രാഷ്ട്ര വിഭജനത്തിനെ തടുക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണമെന്ന് തന്നെ വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബിൽ ഇന്ത്യ എന്ന ആശയത്തിനു തന്നെ വെല്ലുവിളിയാണ്. ഈ കരിനിയമത്തിലൂടെ എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന ബോധത്തിൽ മതവിദ്വേഷം കലർത്തുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
രാഷ്ട്രത്തിന്റെ അതിജീവനത്തിനായി അസാധാരണമായ കൂട്ടായ്മകളും സമരരീതികളും ആവശ്യമായി വരുമെന്നതുകൊണ്ടാണു സംസ്ഥാന സർക്കാരിനൊപ്പം സംയുക്ത സമരത്തിന് പ്രതിപക്ഷം തയാറായത്. ഏതെങ്കിലും മതവിഭാഗത്തിനു വേണ്ടി ആ വിഭാഗം നടത്തുന്ന സമരമല്ല, മറിച്ച് എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയുള്ള സമരമാണിത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയാണു ബില്ലിലൂടെ റദ്ദാക്കുന്നത്. ഇന്ത്യ എന്ന ആശയത്തെ ഇല്ലായ്മ ചെയ്യാതിരിക്കാൻ നമ്മൾ ഒന്നിക്കണമെന്ന സന്ദേശമാണ് ഡൽഹി രാം ലീല മൈതാനിയിൽ കണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments