ചെന്നൈ: നിർമൽ കൃഷ്ണ നിക്ഷേപത്തട്ടിപ്പ് കേസിന്റെ അദാലത്തിനായി നിശ്ചയിച്ചിരുന്ന മധുര കോടതിക്കു മുന്നിൽ നിക്ഷേപകർ തടിച്ചുകൂടിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. അറന്നൂറുകോടിയോളം രൂപയുടെ നിർമൽ കൃഷ്ണ നിക്ഷേപത്തട്ടിപ്പ് കേസിന്റെ അദാലത്തിനായി കോടതിയിൽ നാലായിരത്തോളം നിക്ഷേപകർ ആണ് എത്തിയത്. നിക്ഷേപകരും തമിഴ്‌നാട് പോലീസും തമ്മിൽ പലപ്പോഴും വാക്കേറ്റമുണ്ടായി.
ശനിയാഴ്ച രാവിലെ എട്ടുമണിമുതൽതന്നെ കോടതി പരിസരത്തേക്ക് നിക്ഷേപകരുടെ ഒഴുക്കായിരുന്നു. അനാവശ്യമായി ഇത്രയും നിക്ഷേപകർ എത്തിയതിൽ ജഡ്ജി ക്ഷോഭിക്കുകയും നിക്ഷേപകരെ കടുത്ത ഭാഷയിൽ ശാസിക്കുകയും ചെയ്തു. കോടതി പരിസരത്ത് രാവിലെ എത്തിയ നിക്ഷേപകരെ പോലീസ് തടഞ്ഞു. തുടർന്ന് കർമ സമതി പ്രവർത്തകർ കോടതി രജിസ്ട്രാറുമായി ചർച്ച നടത്തിയതിനെത്തുടർന്നാണ് നിക്ഷേപകരെ കോടതി പരിസരത്തേക്ക് കടത്തിവിട്ടത്.
വിവരങ്ങൾ പുറത്തുള്ള നിക്ഷേപകരെ അറിയിക്കാനും ഇവരെ പിരിച്ചുവിടാനും ജഡ്ജി നിക്ഷേപകരുടെ മൂന്നു പ്രതിനിധികളെ ചുമതലപ്പെടുത്തി. ഇവർ പുറത്തുവന്ന് പോലീസിന്റെ മൈക്ക് വഴി വിവരങ്ങൾ കൈമാറിയെങ്കിലും നിക്ഷേപകർ പിരിഞ്ഞുപോകുവാൻ തയ്യാറായില്ല. തുടർന്ന് കൂടുതൽ പോലീസെത്തി നിക്ഷേപരെ കോടതി പരിസരത്തുനിന്ന് പുറത്താക്കുകയായിരുന്നു.
Post Your Comments