അടിമാലി: ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠസഹോദരന്‍ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു. ഇളയ സഹോദരന്‍ കസ്റ്റഡിയില്‍. സംഘട്ടനത്തിനിടെ വീട്ടിലുണ്ടായിരുന്ന അമ്മിക്കല്ല് ഉപയോഗിച്ച് ഇളയ സഹോദരന്‍ ജോഷ്വ, ജോസഫിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.
കല്ലാര്‍കുട്ടി മുക്കുടം കമ്പിലൈന്‍ കുഴുപ്പള്ളില്‍ വെള്ളാപ്പയില്‍ പാസ്റ്റര്‍ ജോസഫിന്റെ മകന്‍ ജോസഫ് (24) ആണു മരിച്ചത്. ഇരു വൃക്കകളും തകരാറിലായ പിതാവ് ജോസഫിനെയും കൊണ്ട് മൂത്ത സഹോദരന്‍ സാമുവലും മാതാവ് ലൂദിയയും ചേര്‍ന്ന് ഇന്നലെ കോലഞ്ചേരി ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നതിന് പോയ സമയത്താണ് സംഭവം നടന്നത്. മരിച്ച ജോസഫ് ഡ്രൈവിങ് പരിശീലനം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അനുജന്‍ ജോഷ്വാ ടി.വി കാണുകയായിരുന്നു. ഇതിനിടെ ടി.വിയുടെ ചാനല്‍ മാറ്റിയതിനെ ചൊല്ലി ഇരുവരും വാക്കുതര്‍ക്കം ഉണ്ടായി.
തര്‍ക്കത്തിനിടെ പെട്ടെന്നുള്ള ദേഷ്യത്തില്‍ ജോഷ്വാ അമ്മിക്കല്ലടുത്ത് ജേഷ്‌ഠന്റെ തലയ്‌ക്കടിച്ചു. തലയുടെ പിന്നിലാണ് മുറിവേറ്റത്. സഹോദരന്‍ നിലത്തു വീണതോടെ ജോഷ്വ സമീപത്തെ വീട്ടിലെത്തി വിവരം പറയുകയും ആശുപത്രിയിലെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. തുടര്‍ന്ന് നാട്ടുകാര്‍ എത്തി ജോസഫിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും. മാതാവ്: ലുധിയ. മറ്റു സഹോദരങ്ങള്‍: സാമുവല്‍, പോള്‍.
Post Your Comments