
ബെംഗളൂരു: അരക്കോടി രൂപ വായ്പ ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളി സംരംഭകയില്‍ നിന്ന് മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ആറംഗ സംഘത്തിലെ മലയാളികള്‍ ഉള്‍പ്പെട്ട മൂന്നു പേര്‍ പിടിയില്‍. കോട്ടയം സ്വദേശി എം. ഷാരൂണ്‍ (അരവിന്ദ്-32), പാലക്കാട് സ്വദേശി എ. റിബിന്‍ (30), ബെംഗളൂരു ഡിജെ ഹള്ളി സ്വദേശി സൈദ് അഹമ്മദ് (38) എന്നിവരെയാണ് കബണ്‍ പാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പേര്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.മലയാളികളായ ജെയ്‌സണ്‍ വര്‍ഗീസ്, പ്രണവ്, റഫീക് എന്നിവരാണ് രക്ഷപ്പെട്ടത്.
ഇവരെ പിടികൂടാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. ഇവര്‍ കാറില്‍ രക്ഷപ്പെടുന്നതിനിടെ ഇവരുടെ കാറിടിച്ച് പോലീസുകാരനു പരിക്കേറ്റു. ബൈക്കുപയോഗിച്ച് തടയാന്‍ ശ്രമിക്കുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു.തിരുവനന്തപുരം സ്വദേശിനി എം. സുമയാണ് അരവിന്ദിനെതിരെ കബണ്‍പാര്‍ക്ക് പോലീസില്‍ പരാതി നല്‍കിയത്. ബിസിനസ് ആരംഭിക്കാന്‍ 25 ലക്ഷം രൂപയുടെ വായ്പ എടുക്കാനാണ് സുമ ശ്രമിച്ചത്. തുടര്‍ന്ന് ഓണ്‍ലൈനില്‍ നിന്ന് വായ്പാ
മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അരവിന്ദിന്റെ നമ്ബര്‍ ലഭിച്ചു. ബാങ്കി ലെ കമ്മീഷന്‍ ഏജന്റെന്നാണ് അരവിന്ദ് പരിചയപ്പെടുത്തിയിരുന്നത്. 25 ലക്ഷം രൂപയുടെ വായ്പയ്ക്ക് ശ്രമിക്കുന്ന സുമയ്ക്ക് ബന്ധുവിനെയും ചേര്‍ത്ത് ആകെ 50 ലക്ഷം രൂപയുടെ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് അരവിന്ദ് വിശ്വസിപ്പിച്ചു. ഇതിന്റെ കമ്മീഷനായി മൂന്നുലക്ഷം രൂപമുന്‍കൂര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് സുമയും ബന്ധുവും ബെംഗളൂരു എംജി റോഡിലെ കോഫീ ഷോപ്പില്‍ അരവിന്ദുമായി കൂടിക്കാഴ്ച നടത്തി മൂന്നുലക്ഷം രൂപ കൈമാറി. വായ്പയുടെ രേഖകളുമായി തിരിച്ചെത്താമെന്ന് പറഞ്ഞ് അരവിന്ദ് പിന്നീട് മുങ്ങുകയായിരുന്നു. നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Post Your Comments