ന്യൂഡൽഹി: തിഹാർ ജയിലധികൃതരുടെ അഭ്യർഥനപ്രകാരം രണ്ട് ആരാച്ചാർമാർ യു.പി.യിൽ നിന്ന് ഉടനെത്തുന്നു. ജയിൽ അഡീഷണൽ ഡയറക്ടർ ജനറൽ ആനന്ദ് കുമാർ പറഞ്ഞു. ലഖ്നൗ ജയിലിലും മീററ്റിലുമായി രണ്ടുപേർ യു.പി.യിലുണ്ട്. ഇവരെയാണ് ഡൽഹിക്കയക്കുക. നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആരാച്ചാർമാർക്കായി ജയിലധികൃതർ ശ്രമം തുടങ്ങിയത്. വധശിക്ഷ 16-നകം നടപ്പാക്കുമെന്നായിരുന്നു സൂചന. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിൽസമുച്ചയമായ തിഹാറിന് സ്വന്തമായി ആരാച്ചാരില്ല.
അതേസമയം, പ്രതികളിലൊരാളായ അക്ഷയ് കുമാർസിങ് നൽകിയ പുനഃപരിശോധനഹർജി 17-ന് കേൾക്കാനായി വ്യാഴാഴ്ച സുപ്രീംകോടതി മാറ്റിയിട്ടുണ്ട്. ഇതിൽ തീർപ്പായ ശേഷമായിരിക്കും ശിക്ഷ നടപ്പാക്കുക.
ALSO READ: നിർഭയ വിധി : പ്രതികളിലൊരാൾ പുനഃപരിശോധന ഹർജി നൽകി
നിർഭയ കേസിൽ വധശിക്ഷയ്ക്കുവിധിക്കപ്പെട്ട പ്രതികളായ പവൻ ഗുപ്ത, അക്ഷയ് കുമാർ സിങ്, മുകേഷ് സിങ്, വിനയ് ശർമ എന്നിവരാണ് തിഹാറിലുള്ളത്. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി ദുർഗുണപരിഹാര പാഠശാലയിലെ ശിക്ഷയ്ക്കുശേഷം പുനരധിവാസകേന്ദ്രത്തിലാണുള്ളത്.
Post Your Comments