ന്യൂഡൽഹി: അയോധ്യ കേസിലെ പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ചേംബറിലാകും പരിഗണിക്കുക. അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 10 പുന: പരിശോധനാ ഹർജികളാണ് സുപ്രീം കോടതിക്ക് മുമ്പിലെത്തിയത്.
ഓൾ ഇന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡ്, നിർമോഹി അഖാഡ എന്നിവരെ കൂടെതെ നാൽപ്പതോളം പൗരാവകാശ പ്രവർത്തകരും പുന: പരിശോധനാ ഹർജി സമർപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എപ്പോഴും സമാധാനം കാത്തുസൂക്ഷിച്ചിട്ടുണ്ട്. എന്നാൽ അക്രമത്തിനും അനീതിക്കും ഇരയായത് തങ്ങളാണ്. സുപ്രീം കോടതി വിധി നീതിപൂർവ്വമല്ലെന്നാണ് മുസ്ലിം കക്ഷികൾ ഉന്നയിക്കുന്ന വാദം.
തർക്ക ഭൂമിയിൽ നിർമോഹി അഖാഡയ്ക്ക് അവകാശമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. എന്നാൽ രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്രസർക്കാർ രൂപം നൽകുന്ന ട്രസ്റ്റിൽ നിർമോഹി അഖാഡയ്ക്ക് വ്യക്തമായ പ്രാതിനിധ്യം നൽകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശത്തിൽ വ്യക്തത വരുത്തണമെന്ന് പുന: പരിശോധനാ ഹർജിയിൽ നിർമോഹി അഖാഡ ആവശ്യപ്പെടുന്നു.
നവംബർ 9നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള അയോധ്യ തർക്കത്തിൽ സുപ്രീം കോടതി അന്തിമ വിധി പറയുന്നത്. 2.77 തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകുന്നതായിരുന്നു വിധി. സുന്നി വഖഫ് ബോർഡിന് പള്ളി നിർമിക്കാനായി അയോധ്യയിലെ പ്രധാനപ്പെട്ട സ്ഥലത്ത് 5 ഏക്കർ സ്ഥലം നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് പുന: പരിശോധനാ ഹർജികൾ കോടതിയിൽ എത്തിയത്.
Post Your Comments