ന്യൂഡല്‍ഹി: ഇന്ത്യയില്‍ എസ്പിജി സുരക്ഷ ലഭിക്കുന്ന ഒരേയൊരാള്‍ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കള്‍ക്കും മാത്രമായി നിജപ്പെടുത്തുന്ന എസ്പിജി നിയമഭേദഗതി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു. നേരത്തെ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഇതോടെ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ നല്‍കുക.
നിയമ ഭേദഗതിയിലൂടെ ബിജെപി രാഷ്ട്രീയ പ്രതികാരം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എസ്പിജി അകന്പടിയില്ലാതെ പലതവണ വിദേശത്ത് പോയി വന്നു. എസ്പിജിയെ അവഗണിച്ച് രാഹുല്‍ ഡല്‍ഹിയില്‍ ബൈക്ക് സവാരിയും നടത്തി. ഇക്കാലത്തൊന്നും ഇവരുടെ ജീവിതത്തില്‍ ഒരു തരത്തിലുള്ള സുരക്ഷാ വെല്ലുവിളികളും ഉണ്ടായിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി മറ്റു പൗരന്മാരെപ്പോലെ തന്നെയാണ്. എന്നാല്‍, അദ്ദേഹത്തിനു പ്രത്യേക സംരക്ഷണം നല്‍കേണ്ടതുണ്ട്.
ഗാന്ധി കുടുംബത്തിന്റെ സുരക്ഷ അപ്പാടെ പിന്‍വലിക്കുകയല്ല, മറിച്ചു സുരക്ഷാ സംവിധാനത്തില്‍ മാറ്റം വരുത്തുകയാണു ചെയ്തത്. അവരുടെ കാര്യം സിആര്‍പിഎഫ് നോക്കിക്കോളുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. എസ്പിജി നിയമഭേദഗതിക്കെതിരേ ഇപ്പോള്‍ ഉയരുന്ന മുറവിളികള്‍ എല്ലാം തന്നെ ഒരു കുടുംബത്തിന് വേണ്ടി മാത്രമാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി. നിലവില്‍ സോണിയ ഗാന്ധിക്കും കുടുംബത്തിനും ഇസഡ് പ്ലസ് സിആര്‍പിഎഫ് സുരക്ഷയും എഎസ്എല്‍, ആംബുലന്‍സ് അകന്പടിയും രാജ്യവ്യാപകമായുണ്ട്.
Post Your Comments