KeralaLatest NewsIndia

രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാഹനം കയറ്റിയ സംഭവം: ഉദ്യോഗസ്ഥനെതിരെ നടപടി

കഴിഞ്ഞ ഡിസംബറിലാണ് രാഷ്‌ട്രപതിയുടെ സംസ്ഥാന സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്‌ചയുണ്ടായത്.

തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്‌ചയുണ്ടായ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌പി എന്‍.വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് രാഷ്‌ട്രപതിയുടെ സംസ്ഥാന സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്‌ചയുണ്ടായത്.

പിഎന്‍ പണിക്കര്‍ പ്രതിമ അനാച്ഛാദന പരിപാടിയില്‍ പങ്കെടുക്കാന്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പൂജപ്പുരയിലേക്ക് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. യാത്രക്കിടെ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാഹനം കയറ്റുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പിന്നാലെയെത്തിയ വാഹനം ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായിരുന്നു.

വിമാനത്താവളത്തില്‍ രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ അന്നേ ദിവസം മേയറും എത്തിയിരുന്നു. അവിടെ നിന്നും രാഷ്‌ട്രപതി പുറപ്പെട്ടതിന് പിന്നാലെ, യാത്ര ആരംഭിച്ച മേയറിന്‍റെ വാഹനം, തുമ്പ സെന്‍റ്‌ സേവ്യേഴ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെ, രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായാണ് സഞ്ചരിച്ചത്. ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് മേയറിന്‍റെ വാഹനം വിഐപി വാഹനങ്ങളുടെ ഇടയിലേക്ക് കയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button