അസംഗഡ്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ മൗലാന വഹിദുദ്ദീന്‍ ഖാന്‍ കോവിഡ് ബാധിച്ചു മരിച്ചു. 96വയസ്സായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. പത്മഭൂഷണ്‍, രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം, റഷ്യന്‍ മുന്‍ പ്രധാനമന്ത്രി മിഖായേല്‍ ഗോര്‍ബച്ചേവിന്റെ അംഗീകാരമുള്ള ഡെമിര്‍ഗസ് പീസ് ഇന്റര്‍നാഷണല്‍ അവാര്‍ഡ്, നാഷണല്‍ സിറ്റിസണ്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മൗലാന വഹിദുദ്ദീന്‍ ഖാന്റെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്,പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അനുശോചിച്ചു. സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും പരിവര്‍ത്തനവും കൊണ്ടുവരുന്നതില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തെയും അനുയായികളെയും അനുശോചനം അറിയിക്കുന്നതായും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
ദൈവശാസ്ത്രത്തിലും ആത്മീയതയിലുള്ള അഗാധമായ മൗലാനയുടെ ജ്ഞാനം എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 1925 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് വഹീദുദ്ദീന്‍ ഖാന്‍ ജനിച്ചത്. പരമ്ബരാഗത ഇസ്ലാമിക പാഠശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം മാഗസിനുകളിലും മറ്റും ലേഖനങ്ങള്‍ എഴുതുമായിരുന്നു. 1970 ല്‍ ഡല്‍ഹിയില്‍ ഒരു ഇസ്ലാമിക് സെന്റര്‍ സ്ഥാപിച്ചു. 1976 അര്‍-രിസാല എന്നൊരു ഉര്‍ദു മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിച്ചു.
പ്രധാനമായും അദ്ദേഹത്തിന്റെ തന്നെ രചനകളായിരുന്നു ഇവയില്‍ കൂടുതലായും വെളിച്ചം കണ്ടത്. ഇതേ മാഗസിന്റെ ഇംഗ്ലീഷ് പതിപ്പ് 1984 ഫെബ്രുവരിയിലും ഹിന്ദി പതിപ്പ് 1990 ഡിസംബറിലും തുടങ്ങുകയുണ്ടായി.’ഹൈജാക്കിംഗ്-എ ക്രൈം’ , റൈറ്റ്‌സ് ഓഫ് വുമണ്‍ ഇന്‍ ഇസ്ലാം’, ദ കണ്‍സപ്റ്റ് ഓഫ് ചാരിറ്റി ഇന്‍ ഇസ്ലാം’, ദ കണ്‍സപ്റ്റ് ഓഫ് ജിഹാദ്’. എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ ലേഖനങ്ങളാണ്.
അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ലേഖനങ്ങളും മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.ഖുര്‍ആന്റെ ലളിതവും സമകാലികവുമായ ഇംഗ്ലീഷ് വിവര്‍ത്തനം രചിചിട്ടുണ്ട്. ഇ.ടി.വി ഉര്‍ദു, ബ്രിഡ്ജസ് ടി.വി. ,ഐ.ടി.വി , ക്യു ടി.വി., ആജ് ടി.വി., തുടങ്ങിയ ടി.വി ചാനലുകള്‍ക്ക് വേണ്ടി പ്രഭാഷണങ്ങള്‍ നടത്തിവരികയായിരുന്നു. മില്ലിഗസറ്റ് പത്രാധിപരും പ്രമുഖ പണ്ഡിതനുമായ സഫറുല്‍ ഇസ്ലാം ഖാന്‍, വഹീദുദ്ദീന്‍ ഖാന്റെ പുത്രനാണ്.
Post Your Comments