മുതിര്‍ന്നവര്‍ അവരുടെ ആരോഗ്യകാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കുന്നവരാണ്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ അങ്ങനെയല്ല, അവര്‍ക്ക് നമ്മള് സമയാസമയങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കണം. അവരുടെ ഓരോ കാര്യങ്ങളിലും അമ്മയോ അച്ഛനോ ഒക്കെ കരുതലോടെ ഇടപെടേണ്ടതുണ്ട്. അത്തരത്തില്‍ കൃത്യമായ ശ്രദ്ധ വച്ചുപുലര്‍ത്തേണ്ട ഒന്നാണ് പല്ലുകളുടെ കാര്യം. </p>
കുട്ടികളുടെ പല്ല്, എളുപ്പത്തില്‍ കേട് പറ്റാനുള്ള സാധ്യത കൂടുതലാണ്. കാരണം വളര്‍ച്ചയുടെ ഘട്ടമായതിനാല്‍ അണുക്കളുടെ ആക്രമണം അത്രമാത്രം താങ്ങാനുള്ള കഴിവ് അവരുടെ പല്ലുകള്‍ക്ക് ഉണ്ടായിരിക്കണമെന്നില്ല. അതിനാല്‍ എന്തെല്ലാം തരം ഭക്ഷണമാണ് അവരുടെ പല്ലുകളെ എളുപ്പത്തില്‍ പ്രശ്നത്തിലാക്കുന്നതെന്ന് നമ്മള് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. അത്തരത്തിലുള്ള അഞ്ച് ഭക്ഷണത്തെപ്പറ്റിയാണ് ഇനി പറയുന്നത്.
ഈ പട്ടികയിലെ ആദ്യ ഭക്ഷണം നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ തന്നെ, മധുരം അമിതമായി അടങ്ങിയ ഭക്ഷണങ്ങളും മിഠായികളും തന്നെയാണ്. മിതമായ തരത്തില്‍ ഇവ കുട്ടികള്‍ക്ക് നല്‍കാം. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ തീര്‍ച്ചയായും അത് പല്ലുകളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഒന്നാമത്, മിക്ക മിഠായികളും കൃത്രിമ മധുരം ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഇത് പല്ലിനെ തുരന്നുതിന്നും. അതുപോലെ പല്ലില്‍ പോടുകള്‍ ഉണ്ടാകാനും ഇടയാക്കും.
‘ക്രഞ്ചി’ ആയ ‘സ്നാക്സ്’ കുട്ടികള്‍ക്ക് വളരെ പ്രിയമാണ്. നിറമുള്ള പാക്കറ്റുകളിലാക്കി വില്‍ക്കപ്പെടുന്ന ഇത്തരം സാധനങ്ങള്‍ എവിടെ കണ്ടാലും കുട്ടികള്‍ അതില്‍ ആകൃഷ്ടരാകും. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ‘റിഫൈന്‍ഡ് കാര്‍ബോഡൈഡ്രേറ്റുകള്‍’ വായില്‍ വച്ച് ‘ഷുഗര്‍’ ആയി മാറുന്നുണ്ട്. നിരന്തരം ഇത് കഴിക്കുന്നതോടെ പല്ല് ചീത്തയാകുന്നു.
‘വൈറ്റ് ബ്രഡ്’ ആണ് ഇക്കാര്യത്തിലെ മറ്റൊരു വില്ലന്‍. ഇതിലടങ്ങിയിരിക്കുന്ന ‘സ്റ്റാര്‍ച്ച്’ വായില്‍ വച്ച് ‘ഷുഗര്‍’ ആയി മാറുന്നുണ്ട്. മാത്രമല്ല, അല്പം ഒട്ടിയിരിക്കുന്ന തരത്തിലുള്ള ഭക്ഷണമായതിനാല്‍ ഇത് വായില്‍ ഏറെ നേരമിരിക്കാനും സാധ്യത കൂടുതലാണ്.
ഭക്ഷണം മാത്രമല്ല ചില പാനീയങ്ങളും കുഞ്ഞുങ്ങളുടെ പല്ലുകളെ എളുപ്പത്തില്‍ നശിപ്പിച്ചേക്കും. അത്തരത്തിലുള്ളവയാണ് സോഫ്റ്റ് ഡ്രിംഗ്സ്.
ഇതിലെ മധുരം പല്ലിനെ ചീത്തയാക്കുന്നതിനൊപ്പം, ഇവയിലടങ്ങിയിരിക്കുന്ന അസിഡിക് പദാര്‍ത്ഥങ്ങള്‍ പല്ലിന്റെ ആകെ ആരോഗ്യത്തെയും ക്ഷയിപ്പിച്ചേക്കും.
അമിതമായി ചായയും കാപ്പിയും കുടിക്കുന്നതും കുഞ്ഞുങ്ങളുടെ പല്ലിനെ ദോഷകരമായി ബാധിച്ചേക്കാം. വായ എപ്പോഴും വരണ്ടിരിക്കാനും ഇതുവഴി പല്ല് നശിക്കാനും ഇത് ഇടയാക്കുന്നു. അതുപോലെ പല്ലിന്റെ സ്വാഭാവികമായ നിറത്തിന് മങ്ങലേല്‍ക്കാനും ഇത് ഇടയാക്കും.
Post Your Comments