തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സുദര്‍ശനം പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സാമൂഹ്യനീതി വകുപ്പ്, ജില്ലാ ഭരണകൂടം, ദേവസ്വം ബോര്‍ഡ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ശബരിമലയിലെത്തുന്ന വയോജനങ്ങള്‍ക്കും ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും കൈത്താങ്ങു നല്‍കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് സുദര്‍ശനം പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ നടത്തിപ്പിനായി 5.48 ലക്ഷം രൂപയുടെ ഭരണാനുമതി സാമൂഹ്യനീതി വകുപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സുദര്‍ശനം പദ്ധതിയുടെ ഭാഗമായി പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലുമായി 18 ഇടങ്ങളില്‍ സന്നദ്ധ സേവകരെ നിയോഗിച്ച് മലകയറുന്നതിനുള്ള സഹായവും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കുന്നതാണ്. നിലവിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടുത്തി സുദര്‍ശനം ഹെല്‍പ്പ് ഡസ്‌ക്ക് സ്ഥാപിക്കും. വിവിധ ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള ദ്വിഭാഷികള്‍ക്ക് സുദര്‍ശനം ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ചുമതല നല്‍കും. നടന്ന് മലകയറാന്‍ സാധിക്കാത്തവര്‍ക്ക് ഡോളി സൗകര്യം ഏര്‍പ്പെടുത്തും. വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യം, കുടിവെള്ളം, കാനന പാതകളില്‍ ഇരിപ്പിട സൗകര്യം അടിയന്തര ഘട്ടങ്ങളില്‍ താല്ക്കാലിക താമസസൗകര്യം തുടങ്ങിയവയും ഏര്‍പ്പെടുത്തും. സന്നിധാനത്ത് ദര്‍ശനത്തിനായി പ്രത്യേക സൗകര്യം, സുഖകരമായ അയ്യപ്പ ദര്‍ശനം എന്നിവയും സുദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ പരിശീലനവും നല്‍കി. ചൊവ്വാഴ്ച മുതല്‍ പദ്ധതിയുടെ സേവനം ലഭ്യമാകുന്നതാണ്.
Post Your Comments