Latest NewsKeralaNews

ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി ; മല കയറുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടവ

തിരുവനന്തപുരം•ശബരിമല നട തുറന്ന് 21 ദിവസത്തിനകം 75 പേര്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ അതില്‍ 67 പേരേയും രക്ഷപ്പെടുത്താനായെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹൃദയാഘാതം വന്നവരില്‍ 20 വയസുമുതല്‍ 76 വയസുവരെയുള്ളവരുണ്ട്. ഇതുവരെ 584 പേര്‍ക്കാണ് അപസ്മാരം വന്നത്. പമ്പ മുതല്‍ ശബരിമല വരെയുള്ള ദീര്‍ഘദൂര കയറ്റം ആരോഗ്യമുള്ള ഒരാളില്‍ പോലും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം എന്നാണിത് സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇതുവരെ 61,991 പേര്‍ക്കാണ് ആരോഗ്യവകുപ്പിന്റ ശബരിമലയോടനുബന്ധിച്ച വിവിധ കേന്ദ്രങ്ങളില്‍ സേവനം നല്‍കിയത്. ശബരിമല തീര്‍ത്ഥാടന പാതയിലെ എല്ലാ പ്രധാന സെന്ററുകളിലും കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഹൃദയാഘാതം ഉണ്ടായാല്‍ ഷോക്ക് നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇത് വരെ 14,712 പേരാണ് ഈ സെന്ററുകളില്‍ ചികിത്സ തേടിയത്. ഇതില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിച്ച 193 പേരെ സുരക്ഷിതമായി ആശുപത്രികളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.

കാര്‍ഡിയോളജി സെന്ററുകളില്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിന്റെ സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തിയിട്ടുണ്ട്. യാത്രാവേളയില്‍ എന്തെങ്കിലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയും ഇടത്താവളങ്ങളിലും സജ്ജമാക്കിയിരിക്കുന്ന ആരോഗ്യ സംവിധാനം ഉപയോഗിക്കേണ്ടതാണ്. ഇതോടൊപ്പം കരിമല വഴിയുള്ള പരമ്പരാഗത പാതയില്‍ ഒരു എമര്‍ജന്‍സി മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. വനം വകുപ്പിന്റെ സഹകരണത്തോടെ കാനന പാതയില്‍ 3 എമര്‍ജന്‍സി മെഡിക്കല്‍ കേന്ദ്രങ്ങള്‍ കൂടി തിങ്കളാഴ്ച മുതല്‍ ക്രമീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ളാഹ മുതല്‍ പമ്പ വരയും കണമല മുതല്‍ ഇലവുങ്കല്‍ വരെയും ഉള്ള റോഡുകളില്‍ വാഹനാപകടങ്ങളില്‍പ്പെടുന്ന അയ്യപ്പന്മാരുടെ സേവനത്തിനായി 2 സ്റ്റാഫ് നഴ്‌സ് ഉള്‍പെട്ട ആംബുലന്‍സ് ക്രമീകരിച്ചിട്ടുണ്ട്. ഇതുവഴി 5 വാഹന അപകടങ്ങളില്‍പ്പെട്ട അയ്യപ്പന്‍മാരെ സുരക്ഷിതമായി ആശുപത്രികളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ഹൃദയാഘാതത്തിലേക്ക് നീങ്ങാം. അതിനാല്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. എല്ലാ ഭാഷകളിലും ഇതുസംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്തു വരുന്നു.

മല കയറുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടവ

1. എല്ലാ പ്രായത്തിലുമുള്ള തീര്‍ത്ഥാടകരും സാവധാനം മലകയറണം.
2. ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്.
3. 45 വയസിന് മുകളിലുള്ള എല്ലാ തീര്‍ഥാടകരും പ്രത്യേകിച്ച് പാരമ്പര്യമായി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ രക്താതി മര്‍ദ്ദമോ ഉള്ളവര്‍ മലകയറുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം.
4. സ്ഥിരമായി മരുന്ന് കഴിക്കുന്ന തീര്‍ത്ഥാടകര്‍ വ്രതത്തിന്റെ ഭാഗമായി മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തരുത്.

5. ആത്സ്മ രോഗികളും അലര്‍ജിയുമായി ബന്ധപ്പെട്ട ശ്വസന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും മലകയറുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പ് കാനനപാതയില്‍ നടത്തുന്ന ഓക്‌സിജന്‍ പാര്‍ലറുകള്‍ ഉപയോഗിക്കണം. ശ്വാസകോശ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ആത്സ്മ രോഗികള്‍ അവരുടെ വ്യായാമത്തില്‍ ഓട്ടവും എയറോബിക് വ്യായാമവും ഉള്‍പ്പെടുത്തി മല കയറ്റത്തിന് മുന്‍കൂട്ടി തയ്യാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button