ന്യൂ ഡൽഹി : ഉത്തർപ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയതിന്, പ്രതികൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്. ഡൽഹി സഫ്ദര്‍ജംഗ് ആശുപത്രിയിൽ മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനക്കു ശേഷം മെഡിക്കല്‍ സൂപ്രണ്ട് ഡോ സുനില്‍ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. യുവതി ഇപ്പോള്‍ വെന്‍റിലേറ്ററിലാണെന്നും. രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് യുവതിയെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചത്. യുവതിക്ക് 90 ശതമാനത്തിൽ അധികം പൊള്ളൽ ഏറ്റിരുന്നു. യുവതിയുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേസിന്‍റെ വിചാരണയ്ക്കായി പോയ 23കാരിയെ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ മുഖ്യ പ്രതി ശിവം ത്രിവേദി ഉൾപ്പടെ അഞ്ച് പ്രതികളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഉന്നാവ് എസ്‍പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
മാർച്ച് മാസത്തിലാണ് ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തിൽ മൂന്ന് പേര്‍ ചേര്‍ന്ന് മാസങ്ങളോളം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിൽ കൃത്യമായ നടപടി സ്വീകരിച്ചില്ലെന്നും പ്രതികൾ ഒളിവിലാണെന്ന പറഞ്ഞ് പോലീസ് കേസ് അന്വേഷണം നീട്ടികൊണ്ടു പോയതായും ആരോപണമുണ്ട്. ഇതിനിടെ തനിക്ക് ഭീഷണിയുണ്ടെന്നും, അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പറഞ്ഞ് പെൺകുട്ടി വീണ്ടും പരാതി നൽകിയെങ്കിലും പോലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ല.
Post Your Comments