പുറം രാജ്യങ്ങളില്‍ പോയി ഉന്നത വിദ്യാഭാസം നേടുക എന്നുള്ളത് ഈ കാലഘട്ടത്തില്‍ നമ്മുടെ നാട്ടിലെ യുവജനങ്ങള്‍ക്ക് സ്വപ്നതുല്യമായ കാര്യമാണ്. ഇതില്‍ തന്നെ കൂടുതല്‍ പേരും ഡോക്ടര്‍ ആവണം എന്ന മോഹവുമായി മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് വിദേശ രാജ്യങ്ങളെ ആണ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ പോലും മക്കളുടെ ഇത്തരം ആവശ്യങ്ങള്‍ക്ക് കടം ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ വരുത്തി വച്ചു കൊണ്ടു തന്നെ മക്കളെ വിദേശരാജ്യങ്ങളില്‍ വിട്ട് പഠിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചൈന ബള്‍ഗേറിയ ഉക്രൈന്‍ പോലുള്ള രാജ്യങ്ങളില്‍ കേരളത്തില്‍നിന്നുള്‍പ്പെടെ ഡോക്ടര്‍ ആകണം എന്നുള്ള മോഹവുമായി പോകുന്ന വിദ്യാര്‍ത്ഥികള്‍ ചില്ലറയല്ല. എന്നാല്‍ കടംവാങ്ങിയും അല്ലാതെയും വലിയ തുക ചിലവിട്ട മക്കളെ ഇത്തരം പുറംരാജ്യങ്ങളില്‍ പഠിക്കാന്‍ വിടുന്നതിനു മുമ്പ് നമ്മള്‍ ഒരു കാര്യം ചിന്തിക്കേണ്ടതാണ്.
ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അവര്‍ നാട്ടിലേക്ക് തിരിച്ചെത്തി കഴിഞ്ഞാല്‍ സ്ഥിരതയുള്ള ഒരു ജോലി മെഡിക്കല്‍ ഫീല്‍ഡില്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വന്നാലും നമ്മുടെ നാട്ടില്‍ ഇവര്‍ക്ക് ഡോക്ടര്‍ ആയി സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞെന്നുവരില്ല. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ ജോലി സ്വപ്നം കണ്ടു വരുന്ന വിദ്യാര്‍ത്ഥികളില്‍ വെറും 14 ശതമാനം പേര്‍ മാത്രമാണ് നാട്ടിലെ യോഗ്യതാപരീക്ഷ വിജയിക്കുന്നത് എന്നാണ് കണക്കുകള്‍. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ വിദേശ ബിരുദം നേടിയ 61738 പേരില്‍ വെറും 8764 പേര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ രോഗികളെ ചികിത്സിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യത പരീക്ഷ ജയിക്കാന്‍ ആയത് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് അടുത്തിടെ കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
വിദേശത്ത് പഠനം പൂര്‍ത്തിയാക്കുന്ന അവര്‍ ഇന്ത്യയില്‍ ചികിത്സിക്കണം എങ്കില്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാം പാസ്സ് ആവണം. എന്നാല്‍ എല്ലാ വര്‍ഷവും നടത്തുന്ന ഈ പരീക്ഷയില്‍ വിദേശ പഠനം നടത്തിയ ഭൂരിഭാഗം വിദ്യാര്‍ഥികളും പരാജയപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന വിദേശ രാജ്യം ചൈനയാണ്. അവിടേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉള്ളതും ഇന്ത്യയില്‍ നിന്നും. അതില്‍ കൂടുതലും മലയാളികളും. അതേസമയം അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ യോഗ്യത പരീക്ഷ ആവശ്യമായി വരുന്നില്ല.
Post Your Comments