തിരുവനന്തപുരം: തിരുവനന്തപുരത്ത് ആരംഭിയ്ക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ബുധനാഴ്ച ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ടാഗോര്‍ തിയറ്ററില്‍ നിന്ന് പാസുകള്‍ ലഭ്യമാകും. ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവല്‍ ഓഫീസും മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11ന് ടാഗോര്‍ തിയേറ്ററിലാണ് ഫെസ്റ്റിവല്‍ ആഫീസും ഡെലിഗേറ്റ് സെല്ലും പ്രവര്‍ത്തനം ആരംഭിക്കുന്നത്. നടി അഹാന കൃഷ്ണകുമാറിന് ആദ്യ പാസ് നല്‍കിയാണ് പാസ് വിതരണത്തിന് തുടക്കം കുറിക്കുന്നത്.
നടന്‍ ഇന്ദ്രന്‍സ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗം സിബി മലയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ഡെലിഗേറ്റ് പാസുകള്‍ കൈപ്പറ്റാമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.
പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. പാസുകള്‍ക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനായി 10 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്ന ശേഷി വിഭാഗത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ 10500 പാസുകളാണ് വിതരണം ചെയ്യുന്നത്.
Post Your Comments