തിരുവനന്തപുരം: ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്താകമാനമുള്ള മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുക എന്ന ദൗത്യം കൂടി ചലച്ചിത്ര മേളകൾ ഏറ്റെടുക്കുന്നുണ്ട്. മാനുഷികമായതൊന്നും ഇത്തരം മേളകൾക്ക് അന്യമല്ലെന്നും സങ്കുചിതചിന്തകളുടെ ഭാഗമാക്കി ചലച്ചിത്ര മേളകളെ മാറ്റാനുള്ള ശ്രമം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
Read Also: കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
കാൻ ചലച്ചിത്രമേളയിൽ എത്തിച്ചേരാൻ കഴിയാതിരുന്നപ്പോൾ ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദി നൽകിയ സന്ദേശം താനൊരു സ്ത്രീയും ചലച്ചിത്ര സംവിധായികയുമായതു കൊണ്ടാണ് അവരുടെ രാജ്യത്ത് ക്രിമിനലായി പരിഗണിക്കപ്പെടുന്നത് എന്നാണ്. സഞ്ചാര സ്വാതന്ത്യത്തെ വരെ വിലക്കുന്ന തരത്തിൽ അവരുടെ കലാസൃഷ്ടികൾ അധികാരികളെ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു വംശമോ ഒരു വിഭാഗമോ മാത്രമാണ് ശ്രേഷ്ഠമെന്നു കരുതുകയും വംശീയതയിൽ അധിഷ്ഠിതമായ സർക്കാരുകൾ കെട്ടിപ്പൊക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ അവസ്ഥ കൂടിയാണ് മഹ്നാസിൻെ അനുഭവത്തിലൂടെ പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടർന്ന് സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് മഹ്നാസ് മുഹമ്മദിക്ക് സമ്മാനിച്ചു. മഹ്നാസിനു വേണ്ടി ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചൽ സംഗാരി പുരസ്‌ക്കാരം ഏറ്റുവാങ്ങി. മന്ത്രി വി എൻ വാസവൻ അധ്യക്ഷനായ ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി, മന്ത്രി ആന്റണി രാജുവിന് നൽകി ഫെസ്റ്റിവൽ ബുക്കും മന്ത്രി ജി ആർ അനിൽ മേയർ ആര്യാ രാജേന്ദ്രന് നൽകി ഫെസ്റ്റിവൽ ബുള്ളറ്റിനും പ്രകാശനം ചെയ്തു.
ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് അഡ്വ വി കെ പ്രശാന്ത് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുണിന് നൽകി പ്രകാശിപ്പിച്ചു .അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ,സെക്രട്ടറി സി.അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Post Your Comments