തിരുവനന്തപുരം: ചലച്ചിത്രമേളയ്ക്ക് കൊഴുപ്പേകാൻ നാടൻ പാട്ടുകൾ മുതൽ പോപ്പ് സംഗീത സന്ധ്യ വരെ അരങ്ങേറും. അഭയ ഹിരൺമയി ഉൾപ്പെടെയുള്ള ഗായകരും പ്രമുഖ മ്യൂസിക് ബാൻഡുകളുമാണ് ചലച്ചിത്ര രാവുകൾക്ക് ഉത്സവഛായയേകാൻ സാംസ്‌കാരിക പരിപാടികളുമായി എത്തുന്നത്. മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നിശാഗന്ധിയിൽ സ്ത്രീ താൾ തരംഗിന്റെ ഗാനസന്ധ്യയോടെയാണ് തുടക്കം.
സ്ത്രീകൾ നയിക്കുന്ന അഖിലേന്ത്യാ താളവാദ്യ സംഘമായ സ്ത്രീ താൾ തരംഗിന് സുകന്യ രാംഗോപാലാണ് നേതൃത്വം നൽകുന്നത്. വാദ്യമേളത്തോടെയാണ് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഉദ്ഘാടന ചടങ്ങിന് തുടക്കമാകുക. ഘടം, ഘടതരംഗം, കൊന്നക്കോൽ എന്നിവക്കൊപ്പം വീണ, വയലിൻ, മൃദംഗം, മോർസിങ് തുടങ്ങിയ വാദ്യോപകരണ വിദഗ്ധരും ഈ സംഗീത സന്ധ്യക്ക് അകമ്പടിയേകും.
ഡിസംബർ ഒൻപതു മുതൽ മാനവീയം വീഥിയിലാണ് വൈകിട്ട് ഏഴിന് കലാപരിപാടികൾ അരങ്ങേറുന്നത്. അഭയ ഹിരൺമയിയും ഷിയോൺ സജിയും മ്യൂസിക് ബാൻഡുകളായ ഫ്ളൈയിംഗ് എലിഫന്റ്, രാഗവല്ലി, മാങ്കോസ്റ്റീൻ ക്ലബ്, ഇഷ്‌ക് സൂഫിയാന എന്നിവയും മാനവീയത്തെ സജീവമാക്കും.
മഴയേ മഴയേ, തന്നേ താനെ, കോയിക്കോട് ഗാനം തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ ആലപിച്ച പിന്നണി ഗായിക അഭയ ഹിരൺമയി അവതരിപ്പിക്കുന്ന പിക്കിൾ ജാർ ഗാനസന്ധ്യ ഡിസംബർ 9ന് മാനവീയം വീഥിയിൽ അരങ്ങേറും. പാട്ടുകൾകൊണ്ട് ത്രസിപ്പിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ഫ്ളൈയിംഗ് എലിഫന്റ് മ്യൂസിക് ബാൻഡും ചെമ്പൈ മെമ്മോറിയൽ മ്യൂസിക് കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മയുടെ രാഗവല്ലി മ്യൂസിക് ബാൻഡും കോഴിക്കോട് ആസ്ഥാനമായുള്ള ഇൻഡി മ്യൂസിക് ബാൻഡായ മാംഗോസ്റ്റീൻ ക്ലബും ഷിയോൺ സജി മ്യൂസിക് ലൈവുമാണ് തുടർന്നുള്ള ദിവസങ്ങളിൽ വിരുന്നൊരുക്കുക.
ഡിസംബർ 15ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ അഖിൽ മാവേലിക്കരയും സംഘവും അവതരിപ്പിക്കുന്ന പരമ്പരാഗത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഫ്യൂഷൻ സംഗീതസന്ധ്യയോടെ ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീഴും.
Read Also: ചന്ദ്രനെ ലക്ഷ്യമിട്ട് പെരെഗ്രിൻ ലൂണാർ ലാൻഡർ: ഡിസംബർ 24ന് വിക്ഷേപിക്കും
Post Your Comments