ന്യൂ ഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ ദയാഹർജി ഡൽഹി സർക്കാർ തള്ളി. ഒരു കാരണവശാലും പ്രതികൾ ദയ അർഹിയ്ക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തിനാണ് ഡൽഹി സർക്കാർ മറുപടി നൽകിയത്. ആഭ്യന്തരമന്ത്രാലയം ദയാഹർജി നിരസിക്കാൻ ശുപാർശ ചെയ്ത് രാഷ്ട്രപതിക്ക് കൈമാറും.
ഡൽഹി കൂട്ടാബലാത്സംഗത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികൾ നൽകിയ ദയാഹർജി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡൽഹി സർക്കാരിന് കൈമാറിയിരുന്നു. നിലപാട് വ്യക്തമാക്കാനായിരുന്നു നിർദേശം. പ്രതികൾ നൽകിയ ദയാഹർജി പരിഗണിക്കാൻ പോലും അർഹത ഇല്ലാത്തതാണെന്നാണ് ഡൽഹി സർക്കാരിന്റെ മറുപടി.
ALSO READ: ക്രൂരബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ടും പ്രതിഷേധം
ഇക്കാര്യം വ്യക്തമാക്കി ഇന്നലെ രാത്രിയോടെ ഫയൽ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൾ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. അക്ഷയ് താക്കൂർ(33) വിനയ് ശർമ (33), വപൻ ഗുപ്ത(24), മുകേഷ് സിംഗ്(31)എന്നിവരുടെ ദയാഹർജിയാണ് തള്ളിയത്. ആഭ്യന്തരമന്ത്രാലയം ഈ ആഴ്ചതന്നെ നടപടികൾ പൂർത്തിയാക്കി ദയാഹർജി തള്ളാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യും. ഡിസംബർ 16 ന് സംഭവത്തിന്റെ ഏഴാം വാർഷികമാണ്. അന്ന് തന്നെ വധശിക്ഷ നടപ്പാക്കാനാണ് ഇപ്പോൾ ശ്രമം. ഇതിനായി തിഹാർ ജയിലിൽ തൂക്ക് മരത്തിന്റെ നവീകരണം അടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Post Your Comments