ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വനിതാ ഡോക്‌ടറെ കൂട്ടബലാത്സംഗം ചെയ്‌ത് ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനു മുമ്പില്‍ യുവതിയുടെ ഒറ്റയാള്‍ സമരം. രണ്ടാം നമ്പര്‍ ഗേറ്റിനു മുമ്പില്‍ പ്രതിഷേധിച്ച അനു ദുബേ എന്ന യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയെങ്കിലും പിന്നീട് വിട്ടയച്ചു.ഹൈദരാബാദില്‍ ഡോക്‌ടറെ കാണാതായെന്നു പരാതി ലഭിച്ചിട്ടും അടിയന്തര നടപടിയെടുക്കാന്‍ പോലീസ് പരാജയപ്പെട്ടതായി അവര്‍ കുറ്റപ്പെടുത്തി.
“എന്റെ ഭാരതത്തില്‍ സുരക്ഷിതയല്ലാത്തത് എന്തുകൊണ്ട്?”എന്ന പ്ലക്കാഡുമേന്തി മുദ്രാവാക്യം വിളിച്ചാണു പാര്‍ലമെന്റ് ഗേറ്റിനു മുമ്പില്‍ അനു പ്രതിഷേധിച്ചത്.തുടര്‍ന്ന് സ്‌ഥലത്തെത്തിയ പോലീസ്, പ്രതിഷേധം ജന്തര്‍ മന്ദറിലേക്കു മാറ്റാന്‍ ആവശ്യപ്പെട്ടു. ഇത് യുവതി നിഷേധിച്ചതോടെ അറസ്‌റ്റ് ചെയ്‌ത് പാര്‍ലമെന്റ് സ്‌ട്രീറ്റ് പോലീസ് സ്‌റ്റേഷനിലേക്കു മാറ്റി. മൊഴിയെടുത്തശേഷം വിട്ടയയ്‌ക്കുകയും ചെയ്‌തു. എന്നാല്‍, സര്‍ക്കാര്‍ അധികാരികളെയാണു തനിക്കു കാണേണ്ടതെന്ന് അനു ദുബേ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
അതേസമയം, യുവതിയെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ സ്വാതി മലിവാള്‍ രംഗത്തെത്തി. ഹൈദരാബാദ് സംഭവത്തില്‍ പ്രതിഷേധസ്വരമുയര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയെയാണു ഡല്‍ഹി പോലീസ് മര്‍ദിക്കുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തതെന്നു സ്വാതി കുറ്റപ്പെടുത്തി. യുവതിയെ പോലീസ് സ്‌റ്റേഷനിലെത്തി സന്ദര്‍ശിച്ചിരുന്നു.
Post Your Comments