ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നടിയുടെ സ്വകാര്യത മാനിച്ച് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറാനാകില്ലെന്ന് ജസ്റ്റിസ്‌മാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്ദ്ധര്‍ക്കോ പരിശോധിക്കാം.കേസിലെ വിചാരണ എത്രയും പെട്ടെന്ന്, കഴിയുമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇരയുടേയും ഹര്‍ജിക്കാരന്റെയും ആവശ്യങ്ങള്‍ ഒരുപോലെ പരിഗണിക്കാനാണ് ഈ വിധിയെന്നും കോടതി പറയുന്നു.പ്രതിക്ക് ദൃശ്യങ്ങള്‍ കൈമാറുന്നതിനെ സംസ്ഥാന സര്‍ക്കാരും നടിയും എതിര്‍ത്തിരുന്നു.മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്ന് പ്രോസിക്യൂഷന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് 58 പേജുകളുള്ള വിധിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പ്രധാന രേഖകളിലൊന്നാണ്. വാട്ടര്‍ മാര്‍ക്ക് ചെയ്‌ത് ദൃശ്യങ്ങള്‍ മതിയെന്ന ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ വാദം അംഗീകരിക്കാനാകില്ല.
സാങ്കേതിക വിദ്യ വളര്‍ന്ന കാലത്ത് ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയേറെയാണ്. 2018 ഡിസംബര്‍ 1ന് കേസ് കോടതിയില്‍ എത്തിയതാണ്. മെമ്മറി കാര്‍ഡ് കേസില്‍ വിധി വരും വരെ വിചാരണ ആരംഭിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വിചാരണ നീണ്ടത്. ദിലീപോ അഭിഭാഷകനോ കാണുന്നതിനിടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പകര്‍ത്തുന്നില്ല എന്ന് വിചാരണ കോടതി ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
Post Your Comments