കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് വ്യക്തമാക്കി നടി മല്ലിക സുകുമാരന്‍. ആരോടും ഒരു പകയും വിദ്വേഷവും ഇല്ലാത്ത, നിരപരാധിയായ ഒരാൾ വേദനിച്ചതിന് പിന്നിൽ ആരാണെന്ന് തെളിയണമെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. തെറ്റുകാർ ആരാണെന്ന് കണ്ടുപിടിക്കാന്‍ ഇവിടുത്ത നീതിന്യായവകുപ്പ് ബാധ്യസ്ഥരാണെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി. സീ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ആരാണെന്ന് കാലം തെളിയിക്കേണ്ട കാര്യമാണെന്ന് അവർ പറഞ്ഞു,. ഇവിടുത്തെ ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും, പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേറെ നീതിയാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
‘ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്തൊക്കെയാണ് കേള്‍ക്കുന്നത്, ഇതൊക്കെ സത്യമാണോ? എന്നൊക്കെ തോന്നാറുണ്ട്. സിനിമയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായത് കഷ്ടമായെന്ന് തോന്നിയിട്ടുണ്ട്. ഇന്നേ വരെ ഇങ്ങനെയൊരു സംഭവം സിനിമയില്‍ ഉണ്ടായിട്ടില്ല. എനിക്ക് ഒന്നേ പറയാനുള്ളൂ, സംഭവിക്കാനുള്ളത് സംഭവിച്ചു. അതിന് ആര് എന്ത് സമാധാനം പറയും. ഇതിന്റെ ഉത്തരം മാത്രം കിട്ടിയാല്‍ മതി എന്നെപ്പോലുള്ള സ്ത്രീകള്‍ക്ക്. അല്ലാതെ ഇത് ആര് പറഞ്ഞിട്ട്, ഏത് വഴിയില്‍ കൂടി പോയി, അത് കള്ളത്തരമാണ്, ഒട്ടിച്ചുവെച്ചതാണ് ഇതൊന്നും ഞങ്ങള്‍ക്ക് അറിയണ്ട. ഒരു തെറ്റും ചെയ്യാത്ത ഒരാളിന് ഇത് എന്തുകൊണ്ട് സംഭവിച്ചു. ഇന്നയാളല്ലെങ്കില്‍ പിന്നെ ആര്? ഇതാണ് അറിയേണ്ടത്.
അതിജീവിതയുടെ ദു:ഖം കണ്ടിട്ടില്ലാത്ത അതില്‍ പങ്കുചേരാത്തവരും, ചെയ്‌തെന്ന് പറയുന്ന വീട്ടിലെ ആള്‍ക്കാരും ചേര്‍ന്നുള്ള തര്‍ക്കവും ഭാഗം പിടിക്കലും എനിക്ക് കേള്‍ക്കണ്ട. ഇത് മുഴുവന്‍ കള്ളത്തരമാണെന്ന് എനിക്കറിയാം. അതിന്റെ പിന്നിലാര് അത് കണ്ടുപിടിക്കാന്‍ ഇവിടുത്തെ നീതിന്യായവകുപ്പ് ബാധ്യസ്ഥരാണ്. അവര്‍ അത് ചെയ്യുമെന്ന് വിശ്വസിക്കുന്നു. നാളെ നമ്മുടെ കുടുംബത്തിലോ വേണ്ടപ്പെട്ടവരുടെ കുടുംബത്തിലോ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാന്‍ പാടില്ല. ഇങ്ങനെയൊരു സംഭവം മനപൂര്‍വം ആരെങ്കിലും ചെയ്തതാണെങ്കില്‍ തീര്‍ച്ചയായും അവര്‍ ശിക്ഷിക്കപ്പെടണം,’ മല്ലിക സുകുമാരന്‍ പറഞ്ഞു.
Post Your Comments