ഹൈദരാബാദ്: ഹൈദരാബാദിലെ യുവ വെറ്റിനറി ഡോക്ടറെ തീവെച്ച് കൊന്നത് മൃഗീയമായ ലൈംഗിക പീഡനത്തിന് ശേഷം. ഇരുചക്ര വാഹനം കേടായതിനെ തുടര്‍ന്ന് രാത്രി വഴിയില്‍ അകപ്പെട്ടു പോയ ഡോക്ടര്‍ മരിക്കുന്നതിന് മുമ്പ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ 4 പേര്‍ അറസ്റ്റിലായി. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് പിടിയിലായത്.സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം.
ഷംഷാബാദിലെ ടോള്‍പ്ളാസയ്ക്കടുത്ത് വൈകീട്ട് ആറോടെ സ്കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളിയിലേക്ക് പോയി. സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന നാല് ലോറിത്തൊഴിലാളികള്‍ യുവതിയെ കീഴടക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്കൂട്ടറിന്റെ ടയറുകള്‍ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോള്‍ സഹായം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജോളു ശിവ സ്കൂട്ടര്‍ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ച് ആശങ്ക പങ്കുവെച്ചു.
പിന്നാലെ മറ്റ് മൂന്നുപേരും ചേര്‍ന്ന് യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സ്കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനില്‍ ഒളിപ്പിക്കുകയും ചെയ്തു. രാത്രി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ പാല്‍വില്‍പ്പനക്കാരനാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരേ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി അറിയിച്ചു.അതേസമയം വെറ്ററിനറി ഡോക്ടറുടെ കൊലപാതകത്തിന് പുറകെ സമാനമായ രീതിയില്‍ മറ്റൊരു യുവതിയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തി.
ഹൈദരാബാദിലെ ശംഷാബാദില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടറുടെ മൃതദേഹം ലഭിച്ച സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വെറ്ററിനറി ഡോക്ടറുടെ മരണത്തില്‍ രാജ്യത്താകെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവവും.
Post Your Comments