Kerala

കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിൽ എല്ലാവർക്കും പങ്കുണ്ടെന്ന് ലോക്നാഥ് ബെഹ്റ

കുട്ടികൾക്കു നേരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുക, സുരക്ഷിതത്വമേകുക എന്നിവ ലക്ഷ്യമാക്കി കേരള പോലീസ് നടത്തുന്ന ‘കുഞ്ഞേ നിനക്കായ്’ പോക്സോ ബോധവത്കരണ കാമ്പയിന് തൃശൂരിൽ തുടക്കമായി. കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ തേക്കിൻകാട് മൈതാനിയിലെ നിറഞ്ഞ സദസ്സിലെ സാക്ഷിയാക്കി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർവഹിച്ചു. കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിൽ എല്ലാവർക്കും പങ്കുണ്ടെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് കേരള പോലീസിന്റെ ലക്ഷ്യം. ഇന്ത്യയിൽ ഇതിന് സാധ്യതയുള്ള സംസ്ഥാനം കേരളമാണെന്നാണ് യുനിസെഫ് മേധാവി ചൂണ്ടിക്കാണിച്ചത്. സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ പോക്സോ കേസുകൾ വ്യക്തിപരമായി തന്നെ വേദനിപ്പിച്ചതായി ഡി.ജി.പി പറഞ്ഞു. അതിനാലാണ് കാമ്പയിന് ഇവിടെനിന്ന് തുടക്കമിടുന്നത്. മറ്റു മുഴുവൻ ജില്ലകളിലും ഈ കാമ്പയിൻ നടത്തും. കുഞ്ഞുങ്ങൾ ദൈവത്തിൽ കുറഞ്ഞൊന്നുമല്ല. അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. അവരെ ദ്രോഹിക്കാൻ ആർക്കും അവകാശമില്ല. കുഞ്ഞുങ്ങൾക്കെതിരായ അതിക്രമം കൊലപാതക കേസുകളേക്കാൾ മോശമാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് നടക്കുന്ന കേരള സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായും പോക്സോ ബോധവത്കരണ കാമ്പയിൻ നടത്തുമെന്നും ഡി.ജി.പി അറിയിച്ചു. രാവിലെ സ്വരാജ് റൗണ്ടിൽ നടന്ന സൈക്കിൾ റാലിയ്ക്ക് ഡി.ജി.പി നേതൃത്വം നൽകി. പാലക്കാട് മിഥുൻ അവതരിപ്പിച്ച ചാക്യാർകൂത്ത് പോക്സോ കാമ്പയിന്റെ സന്ദേശം കുറിക്കുകൊള്ളുന്ന നർമ്മത്തിലൂടെ ജനങ്ങളിലെത്തിച്ച് കൈയടി നേടി. ശക്തൻ തമ്പുരാൻ കോളേജ് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആർട്സ് വിദ്യാർഥികൾ അവതരിപ്പിച്ച ‘മാനിഷാദ’ നൃത്ത സംഗീതാവിഷ്‌ക്കാരം സമകാലിക സംഭവങ്ങളുടെ കണ്ണാടിയായി. തൃശൂർ സെൻറ് മേരീസ് കോളജ് വിദ്യാർഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് ഡി.ജി.പി ഉപഹാരം നൽകി.

Read also: ഭാര്യ ഗതാഗതകുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് ഡിജിപി

വ്യാഴാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി കേരളം മുഴുവൻ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടക്കും. 30ന് വൈകീട്ട് നാല് മണിക്ക് തൃശൂർ ശക്തൻ ബസ്സ്റ്റാൻഡിലാണ് സമാപനം. പ്രദർശനത്തിനായി 17 മിനുട്ട് ദൈർഘ്യമുള്ള, പോക്സോ നിയമങ്ങളും, ശിക്ഷയും ഇടപെടലുകളും വ്യക്തമാക്കുന്ന വീഡിയോ കേരള പോലീസ് പുറത്തിറക്കി. ഇത് എല്ലായിടത്തും പ്രദർശിപ്പിക്കും. ചിത്ര പ്രദർശനം, സൈക്കിൾ റാലി, ഫ്ളാഷ്മോബ്, തെരുവുനാടകം, ബോധവത്കരണ ക്ലാസുകൾ എന്നിവയും നടക്കും. ബസ്സ്റ്റോപ്പുകൾ, വിദ്യാലയങ്ങൾ, മറ്റ് പൊതുകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ബോധവത്കരണവുമായി പോലീസ് എത്തും. രക്ഷിതാക്കൾ, അധ്യാപകർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരെ കേന്ദ്രീകരിച്ചു നടത്തുന്ന പദ്ധതി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ അമ്പത് ലക്ഷം പേരിലേയ്ക്ക് നേരിട്ടെത്തും. കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ സമൂഹ മനസാക്ഷിയെ ഉണർത്തുക, കുറ്റവാളികൾക്ക് കഠിന ശിക്ഷ ഉറപ്പാക്കുന്നതിനായി പൊതുസമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button