KeralaLatest NewsNewsIndia

പ്രമുഖരെ വീഴ്‌ത്തുന്ന മോൻസൻ കഥകൾ: ഒരു കള്ളൻ പോലീസിന്റെ ‘തലയിൽ’ കയറി ഇരിക്കുമ്പോൾ

തിരുവനന്തപുരം: ഉത്തരേന്ത്യയിലെ ഏതെങ്കിലും കുഗ്രാമത്തിൽ നടക്കുന്ന ചെറിയ സംഭവത്തിൽ ആകുലരാകുന്ന പ്രബുദ്ധ മലയാളികൾക്ക് കനത്ത തിരിച്ചടിയായിരുന്നു മോൻസൻ മാവുങ്കൽ പറ്റിച്ച കഥകളുമായി ദിനംപ്രതി ഓരോരുത്തർ രംഗത്ത് വരുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന പുരാവസ്തു വകുപ്പും പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ പുരാവസ്തുക്കള്‍ വില്‍ക്കണമെങ്കില്‍ ലൈസന്‍സ് വേണം എന്നിരിക്കെ ഇത്രയും സ്വതന്ത്രമായി യാതൊരു അനുമതിയുമില്ലാതെ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ബന്ധങ്ങൾ കാണിച്ച് ഇത്രയും വലിയ തട്ടിപ്പ് നടത്തിയപ്പോൾ തന്നെ ഊഹിക്കാവുന്നതേയുള്ളൂ മോണ്‍സന് ഉന്നതതലത്തിലുള്ള പിടിപാട്.

മോന്‍സൻ മാവുങ്കലിന് വേണ്ടി എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസറും ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മോന്‍സന്റെ ഡ്രൈവര്‍ ഇ.വി. അജിത്ത് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിയെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച വാർത്ത ഞെട്ടലോടെയല്ലാത്ത നമുക്ക് വായിക്കാൻ സാധിക്കില്ല. ഇതിനിടെയാണ് പരാതിക്കാർക്കു നിരവധി സമ്മർദ്ദം ഉള്ളതും. കേരളത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയതിനു ശേഷം നിരവധി ക്രിമിനൽ കേസുകളിൽ പോലീസ് പ്രതിസ്ഥാനത്തുണ്ടായിട്ടുണ്ട്. രാജ്യത്തെ തന്നെ പിടിച്ചുലച്ച നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലും പ്രതികളുടെ രക്ഷക്കെത്തിയത് പൊലീസിലെ ചില ഉദ്യോഗസ്ഥരാണെന്നു മോൺസന്റെ അറസ്റ്റോടെ വെളിപ്പെട്ടിരിക്കുകയാണ്. സ്വപ്ന സുരേഷിനെ കേരളം വിടാൻ സഹായിച്ചത് മോൺസൺ ആണെന്നും ചില വാർത്തകൾ വരുന്നുണ്ട്.

Also Read:സ്ത്രീസുരക്ഷയ്ക്ക് മതിലു കെട്ടിയ കേരളത്തിലാണ് പെൺകുട്ടികൾക്ക് നേരെയുള്ള അക്രമങ്ങൾ തുടർക്കഥയാകുന്നത്: അഞ്‍ജു പാർവതി

കേരള സർക്കാരിലെയും സിനിമ മേഖലയിലെയും ഉന്നതർ മാത്രമല്ല പ്രതിപക്ഷ നേതാക്കളുമായും ഈ തട്ടിപ്പുകാരന് ബന്ധമുള്ളതിനാൽ കേസിന്റെ മുന്നോട്ടുള്ള ഗതി എന്താണെന്നു തന്നെ വ്യക്തമല്ല. പത്താം ക്ലാസ് പോലും പാസാകാത്ത ഇയാൾ ഡോക്ടർ മോൺസൺ എന്നാണ് അറിയപ്പെടുന്നത്. പാസ്പോർട്ട് ഇല്ലാതെ തന്നെ പ്രവാസി സംഘടനയുടെ തലപ്പത്തും മോൺസൺ എത്തി. കൂടാതെ വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു. പലതവണ മോൺസന്റെ മുന്നിൽ ഓച്ഛാനിച്ചു നിന്ന പോലീസ് ഉന്നതർക്ക് ഒട്ടും സംശയം ഉണ്ടായില്ല എന്നതിലാണ് ഇപ്പോൾ ആളുകൾക്ക് അതിശയം.

ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി ആണെങ്കിൽ ഇത് പോലും നിസാരമായാണ് കാണുന്നത്. സാക്ഷരതയില്‍ മുന്നില്‍. ഏത് കേസിനും തുമ്പുണ്ടാക്കാനും തെളിയിക്കാനും കഴിവുള്ള പോലീസ് സേന. രാഷ്ട്രീയജാഗ്രതയില്‍ സമര്‍ഥര്‍. ബുദ്ധിമാന്മാര്‍ എന്നഹങ്കരിക്കുന്ന അതേ മലയാളി തന്നെയാവും ലോകത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തുന്നതും തട്ടിപ്പില്‍ പെടുന്നതും. പിടിക്കപ്പെടുമ്പോള്‍ അതും ആഘോഷമാക്കുന്നവർ. വിദ്യാഭ്യാസം കൂടിയതിന്റെ കുഴപ്പമാണോ അതോ ലോകപരിചയം കൂടിയതിന്റെയോ. ആര്‍ക്കും എപ്പോഴും പറ്റിക്കാവുന്നവരായി മലയാളി മാറുകയാണോ? തട്ടിക്കാനും തട്ടിക്കപ്പെടാനും മലയാളി ഇനിയും ബാല്യമുണ്ട്. ഇനിയും എത്രയെത്ര മോണ്‍സണ്‍മാര്‍ നമുക്കു മുന്നിലേക്കു വരാനുണ്ട്. ആര്‍ക്കറിയാം.

Also Read:ഭര്‍ത്താവിനെ മറക്കാന്‍ കഴിയുന്നില്ല, ഓര്‍മ്മയ്ക്ക് ശവകുടീരം പണിത് ഭാര്യമാര്‍: ഭര്‍ത്താവിന്റെ അടുത്ത് രണ്ടുശവകുടീരം കൂടി

പൊളിവചനവും തരികിട നമ്പറുകളുമായി ഒരാള്‍ പറ്റിക്കാനിറങ്ങി പുറപ്പെട്ടപ്പോള്‍ അമ്പ് കൊള്ളാത്ത വി.ഐ.പികളില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. കുറേ ആക്രിസാധനങ്ങള്‍ വാങ്ങി ചരിത്രവും വിശ്വാസവും മേമ്പൊടി ചേര്‍ത്ത് തിരക്കഥ മെനഞ്ഞ് വിരാജിച്ചപ്പോള്‍ സൗഹൃദവും ആതിഥ്യവും പറ്റാന്‍ പൗരപ്രമുഖര്‍ മത്സരിച്ചു. കോസ്മറ്റിക് ചികിത്സ തേടിയ രാഷ്ട്രീയ നേതാക്കളും ഗേറ്റ് കടന്നെത്തി. മോതിരവും മാലയും ശില്‍പവും പേനയും ഊന്നുവടിയും എന്നുവേണ്ട മാവുങ്കലിന്റെ സമ്മാനം വാങ്ങിയവര്‍ എത്രയുണ്ടാവും. സൗജന്യമായിട്ടും അല്ലാതെയും.

ഇത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണോ എന്നാണ് ഇനി അറിയേണ്ടത്. സരിതയും ബിജും രാധാകൃഷ്ണനും ലക്ഷ്മി നായരും ഡോ ബി.ആര്‍. നായരുമായി നാടുനീളെ തട്ടിപ്പ് നടത്തി. അവരെ ചൂഷണം ചെയ്യാന്‍ രാഷ്ട്രീയക്കാരും മത്സരിച്ചു. ആ കഥകള്‍ ഉണ്ടാക്കിയ പ്രകമ്പനം പല വന്മരങ്ങളുടെ അടിവേരിളക്കുന്ന തലത്തിലെത്തി. സ്വര്‍ണക്കടത്തിലേക്ക് വന്നപ്പോള്‍ സ്വപ്നയായി താരം. വ്യാജ ഡിഗ്രിയും ഉയര്‍ന്ന പദവിയില്‍ ജോലിയും അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനം ഉറപ്പിക്കാനും സര്‍ക്കാര്‍ സംവിധാനത്തെ മറയാക്കി സ്വര്‍ണം കടത്താനും കഴിഞ്ഞു. എന്നിട്ടും നമ്മൾ പഠിച്ചില്ല, സർക്കാരും !

Also Read:രക്തദാനം ചെയ്യാൻ എല്ലാവരും മുന്നോട്ട് വരണം, രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ: മുഖ്യമന്ത്രി

വ്യാജമായുള്ള വസ്തു കാണിച്ച് പുരാവസ്തുവാണെന്ന് അവകാശവാദമുന്നയിച്ചാല്‍ നടപടിയെടുക്കുന്നതിനായി ഇന്ത്യന്‍ ആന്റിക്വറ്റീസ് ആക്റ്റും നിലവിലുണ്ട്. ഇതിൽ പ്രകാരം ഇങ്ങിനെയുള്ള പ്രവർത്തികൾ ഇന്ത്യയുടെ പൈതൃകത്തെ വികലമാക്കുന്ന നടപടിയാണ്. എന്നാൽ ബൗദ്ധീക തലത്തിൽ ‘ഉയർന്ന നിലയിയിലുള്ള’ നമ്മുടെ നാട്ടിലെ അധികൃതര്‍ക്ക് ഇതേക്കുറിച്ചൊന്നും അറിയില്ല എന്ന് വിശ്വസിക്കാനാവുന്നില്ല. ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം തുടങ്ങി ഉയർന്ന പോലീസുദ്യോഗസ്ഥർ പോലും ഈ തട്ടിപ്പുകാരന്റെ കളിപ്പാവയായെന്ന വാർത്ത, ഞങ്ങളാണ് ഏറ്റവും ബുദ്ധിമാന്മാർ എന്ന് ചിന്തിക്കുന്ന മലയാളികളുടെ ആത്മാഭിമാനത്തിനേറ്റ വലിയൊരു അടിയാണ്.

വിദ്യാഭ്യാസതലത്തിലും ബൗദ്ധീകതലത്തിലും ഉന്നത നിലയിലുള്ള ഇവർക്കൊക്കെ അതെല്ലാം രാജ്യത്തിൻ്റെ പൊതു സ്വത്താണെന്നും തട്ടിപ്പുകാരൻ മോൻസൺ അവകാശപ്പെട്ടത് പോലെ ടിപ്പുവിൻ്റെ വാളും സിംഹാസനവും ഒക്കെ ഒരു സ്വകാര്യ വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാൻ ആകില്ലെന്നും അറിയില്ലേ. ഇങ്ങിനെയൊരു സംശയം പോലും തോന്നാത്തവിധം മണ്ടന്മാരാണോ ഇവർ? അല്ലെങ്കില്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button