ആദ്യകാലത്ത് ദ്രാവിഡരുടേയും പിന്നീട് ബൗദ്ധരുടെയും ഒടുവില്‍ ഹൈന്ദവരുടെയും ആരാധനാ മൂര്‍ത്തിയായിത്തീര്‍ന്ന ഭഗവാനാണ് അയ്യപ്പന്‍ അഥവാ ധര്‍മ്മശാസ്താവ്. പ്രധാനമായും ദക്ഷിണേന്ത്യയില്‍ ആണ് ധര്‍മ്മശാസ്താവ് ആരാധിക്കപ്പെടുന്നത്. ഹരിഹരപുത്രന്‍, അയ്യന്‍, മണികണ്ഠന്‍, അയ്യനാര്‍, ഭൂതനാഥന്‍, താരകബ്രഹ്മം, ശനീശ്വരന്‍, സ്വാമി, ശബരീശന്‍, വേട്ടയ്ക്കൊരു മകന്‍, ചാത്തപ്പന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ‘അയ്യാ’ എന്ന പദം ദ്രാവിഡര്‍ അയ്യപ്പനെ സംബോധന ചെയ്ത് ഉപയോഗിച്ചിരുന്നതാണ് എന്ന് പറയപ്പെടുന്നു. അയ്യപ്പനെ ആരാധിച്ചാല്‍ ദുരിതങ്ങളില്‍ നിന്ന് മുക്തിയും, മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം. കേരളത്തില്‍ അയ്യപ്പനെ പല രീതിയിലാണ് ആരാധിക്കുന്നത്.
കുളത്തൂപ്പുഴയില്‍, കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്. അച്ചന്‍കോവിലില്‍ ഭാര്യമാരായ പുഷ്‌കലയുടേയും പൂര്‍ണ്ണയുടേയും കൂടെയിരിക്കുന്ന ശാസ്താവ്, ആര്യങ്കാവില്‍ കുമാരനായും, ശബരിമലയില്‍ തപസ് ചെയ്യുന്ന സന്ന്യാസിയുടെ ഭാവത്തിലും അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു. പന്തളത്ത് രാജകുമാരനായ അയ്യപ്പന്‍ ശബരിമലയിലെ ധര്‍മശാസ്താവില്‍ ലയിച്ചു മോക്ഷം നേടിയതായി വിശ്വസിക്കപ്പെടുന്നു.
ശബരിമല ആദിവാസികളായ ദ്രാവിഡ ഗോത്രങ്ങളുടെ ക്ഷേത്രമായിരുന്നുവെന്നും പിന്നീട് ബൗദ്ധ ക്ഷേത്രമായെന്നും അയ്യപ്പന്‍ ശാസ്താവില്‍ ലയിച്ചതോടുകൂടി ഹൈന്ദവ ക്ഷേത്രമായി മാറിയെന്നും പറയപ്പെടുന്നു. ‘ധര്‍മശാസ്താവ്’ എന്ന പദം അയ്യപ്പനു പകരമായി ഉപയോഗിച്ചു വരുന്നുണ്ട്. ശാസ്താവ് അഥവാ ചാത്തപ്പന്‍ ദ്രാവിഡരുടെ ദൈവമായിരുന്നെന്നും അഭിപ്രായമുണ്ട്.
Post Your Comments