Latest NewsKeralaNews

‘ആളുകളുടെ കണ്ണില്‍ പൊടിയിടല്‍ അല്ല വേണ്ടത് ക്രിയേറ്റിവ് ആയ പ്രവര്‍ത്തനം ആണ്’ ഐഎഫ്എഫ്കെയിലെ ഫിലിം മാര്‍ക്കറ്റിനെ കുറിച്ച് ഡോ ബിജുവിന്റെ കുറിപ്പ്

ഐഎഫ്എഫ്കെയില്‍ ഇത്തവണ ഫിലിം മാര്‍ക്കറ്റ് ആരംഭിക്കുന്നു പങ്കെടുക്കാന്‍ താല്പര്യമുള്ള സിനിമകള്‍ ഡിസംബര്‍ 2 നകം അപേക്ഷിക്കണം എന്നുള്ള ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്സില് അംഗങ്ങളുടെ പോസ്റ്റ് കണ്ടു.എന്റെ സിനിമ ഐഎഫ്എഫ്കെയില്‍ ഉണ്ട്. മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നതിനുള്ള ചില സംശയങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് സംവിധായകന്‍ ഡോ. ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്റെ അറിവില്‍ ലോകത്തെ പ്രധാനപ്പെട്ട ഒരു ചലച്ചിത്ര മേളയുടെയും പ്രോഗ്രാമര്‍മാര്‍ കേരള ചലച്ചിത്ര മേളയില്‍ എത്താറില്ല. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലുകള്‍ എന്ന പേരിലുള്ള ചില ഉടായിപ്പ് ഫെസ്റ്റിവല്‍ പ്രതിനിധികളാണ് സ്ഥിരമായി ഐഎഫ്എഫ്കെയില്‍ എത്താറുള്ളത് എന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഐഎഫ്‌എഫ്‌കെയില്‍ ഇത്തവണ ഫിലിം മാര്‍ക്കറ്റ് ആരംഭിക്കുന്നു പങ്കെടുക്കാന്‍ താല്പര്യമുള്ള സിനിമകള്‍ ഡിസംബര്‍ 2 നകം അപേക്ഷിക്കണം എന്നുള്ള ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‌സില് അംഗങ്ങളുടെ പോസ്റ്റ് കണ്ടു.എന്റെ സിനിമ ഐഎഫ്‌എഫ്‌കെയില്‍ ഉണ്ട്. മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നതിനുള്ള ചില സംശയങ്ങള്‍ ഉണ്ട്. ഒന്നു ദൂരീകരിച്ചു തന്നാല്‍ നന്നായിരുന്നു.
1.മാര്‍ക്കറ്റില്‍ കാണിക്കുന്ന സിനിമകള്‍ തിരഞ്ഞെടുക്കുന്നത് എങ്ങിനെയാണ് ആരാണ് തിരഞ്ഞെടുക്കുന്നത്. എന്താണ് മാനദണ്ഡം. അതോ അപേക്ഷിക്കുന്ന എല്ലാ സിനിമകളും കാണിക്കുക എന്നതാണോ . സാധാരണ ഫിലിം മാര്‍ക്കറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ ലിസ്റ്റ് നേരത്തെ പ്രസിദ്ധീകരിക്കുകയും മാര്‍ക്കറ്റ് ബുക്ക് പുറത്തിറക്കുകയും ചെയ്യും. അങ്ങനെ ഉണ്ടാവുമോ. ഡിസംബര്‍ 6 നാണ് മേള തുടങ്ങുന്നത്.
2. ഫിലിം മാര്‍ക്കറ്റില്‍ പ്രവേശനം ആര്‍ക്കൊക്കെയാണ്. ഐഎഫ്‌എഫ്‌കെയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കാമോ. സാധാരണ ഫിലിം മാര്‍ക്കറ്റില്‍ പങ്കെടുക്കാന്‍ പ്രത്യേകം പാസ്സ് ആണുള്ളത്. അത് ഇവിടെയുണ്ടോ അതോ എല്ലാവര്‍ക്കും പങ്കെടുക്കാം എന്നതാണോ. അങ്ങനെ പാസ്സ് ഉണ്ടെങ്കില്‍ അതിനുള്ള അപേക്ഷയോ രജിസ്ട്രേഷന്‍ നടപടികളോ എന്നാണ് തുടങ്ങുന്നത്
3. എല്ലാവര്‍ക്കും പങ്കെടുക്കാം എന്നതാണെങ്കില്‍ കംപ്യൂട്ടറിലൂടെ എല്ലാ സിനിമകളും എല്ലാവര്‍ക്കും കാണാന്‍ ഉള്ള അവസരം ലഭിക്കുമല്ലോ. ഫിലിം ഫെസ്റ്റിവല്‍ പ്രതിനിധികളും സെയില്‍സ് ഏജന്റുമാരും മാത്രമല്ല മറിച്ചു ഫെസ്റ്റിവലില്‍ എത്തുന്ന ഏതൊരാള്‍ക്കും ഈ സിനിമകള്‍ കാണാന്‍ പറ്റും. റിലീസ് ചെയ്യാത്ത സിനിമകള്‍ക്ക് അത് ദോഷം ചെയ്യും. റിലീസ് ചെയ്ത സിനിമകള്‍ക്ക് പിന്നെ യൂട്യൂബ് ലിങ്ക് ആയാലും മതിയല്ലോ.സാധാരണ ഫിലിം മാര്‍ക്കറ്റുകളില്‍ റിലീസ് ചെയ്യാത്ത സിനിമകള്‍ തീര്‍ത്തും എക്‌സ്‌ക്ലുസീവ് ആയി മാര്‍ക്കറ്റ് പ്രതിനിധികള്‍ക്ക് മാത്രം കാണാവുന്ന തരത്തില്‍ വര്‍ക്ക് ഇന്‍ പ്രോഗ്രസ്, മാര്‍ക്കറ്റ് റെക്കമെന്‍ഡ്, എന്നൊക്കെ വിഭാഗങ്ങളില്‍ കാണിക്കുന്നതാണ് രീതി. ഇവിടെ മാര്‍ക്കറ്റില്‍ വരുന്ന ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരും സെയില്‍സ് ഏജന്റുമാര്‍ക്കും മാത്രമേ സിനിമ പ്രൈവറ്റ് ആയി കാണാന്‍ പറ്റൂ എന്ന രീതി വല്ലതും ഏര്‍പ്പെടുത്തിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ എങ്ങനെ

4. ഫിലിം മാര്‍ക്കറ്റില്‍ പങ്കെടുക്കാന്‍ എത്തുന്നത് ഏതൊക്കെ ഫെസ്റ്റിവല്‍ പ്രതിനിധികളും സെയില്‍സ് ഏജന്റുമാരും ആണ്. വരുന്ന ആളുകളുടെ പേര് വിവരം പിന്നീട് ആര്‍ റ്റി ഐ അനുസരിച്ചു കിട്ടും എന്നതിനാല്‍ ഇപ്പോള്‍ പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. എന്റെ അറിവില്‍ ലോകത്തെ പ്രധാനപ്പെട്ട ഒരു ചലച്ചിത്ര മേളയുടെയും പ്രോഗ്രാമര്‍മാര്‍ കേരള ചലച്ചിത്ര മേളയില്‍ എത്താറില്ല. ഇന്ത്യന്‍ ഫിലിം ഫെസ്‌റിവലുകള്‍ എന്ന പേരിലുള്ള ചില ഉടായിപ്പ് ഫെസ്റ്റിവല്‍ പ്രതിനിധികള്‍ ആണ് സ്ഥിരമായി ഐ എഫ് എഫ്‌കെയില്‍ എത്തുന്നത്. വര്‍ഷങ്ങളായി വരുന്ന ചില സ്ഥിരം ടീമുകള്‍ ഉണ്ട്. ഉദാഹരണം ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ലണ്ടന്‍ എന്ന പേരില്‍ എത്തുന്ന ഒരു കക്ഷി.ഇനിയും ഇതേ പോലെ പത്തു കൊല്ലത്തിലധികമായി നമ്മുടെ സര്‍ക്കാര്‍ ചെലവില്‍ ഇവിടെ എത്തുന്ന സ്ഥിരം മുഖങ്ങള്‍ ആണ് ഐ എഫ് എഫ് കെ യില്‍ ഉള്ളത്. കൂടുതല്‍ പേരുകള്‍ വേണമെങ്കില്‍ പറയാം.ഇവരല്ലാതെ പുതുതായി ഫിലിം മാര്‍ക്കറ്റില്‍ എത്തുന്ന ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാര്‍ ആരൊക്കെയാണ്..ഫിയാപ്ഫ് അംഗീകാരമുള്ള എത്ര ഫെസ്റ്റിവലുകളുടെ പ്രോഗ്രാമര്‍മാര്‍ ഫിലിം മാര്‍ക്കറ്റില്‍ എത്തുന്നുണ്ട്. ഏതൊക്കെ പ്രധാന സെയില്‍ ഏജന്റ് കമ്ബനികള്‍, ഫിലിം ബയേഴ്സ് ഒക്കെ എത്തുന്നുണ്ട്.ആ ലിസ്റ്റ് എപ്പോഴാണ് പുറത്തിറങ്ങുന്നത്. ലോകത്ത് എല്ലാ ഫിലിം ഫെസ്‌റിവലുകളിലും മാര്‍ക്കറ്റില്‍ പങ്കെടുക്കുന്ന ആളുകളുടെ വിവരങ്ങള്‍ അടങ്ങിയ മാര്‍ക്കറ്റ് ബുക്ക് മുന്‍കൂട്ടി നല്‍കാറുണ്ട്. അവരുമായി മീറ്റിങ്ങുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാനൊക്കെ സഹായിക്കാന്‍ വേണ്ടിയാണ്. ഐ എഫ് എഫ് കെ യില്‍ അത്തരം ഒരു മാര്‍ക്കറ്റ് ബുക്ക് ലഭ്യമാണോ എപ്പോള്‍ കിട്ടും. ഐ എഫ് എഫ് കെ യില്‍ സിനിമ തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ എന്ന നിലയില്‍ അത്തരം ഒരു ലിസ്റ്റ് ഇതേവരെ എനിക്ക് ലഭിച്ചിട്ടില്ല അതുകൊണ്ട് ചോദിച്ചതാണ്. അങ്ങനെ വല്ല ലിസ്റ്റും യഥാര്‍ത്ഥത്തില്‍ ഉണ്ടോ.

5. ഫിലിം മാര്‍ക്കറ്റില്‍ ഏതൊക്കെ സെക്ഷനുകള്‍ ആണുള്ളത്? അതോ ഒരു ബൂത്തിട്ടു വെറുതെ സിനിമ കമ്ബ്യൂട്ടറില്‍ കാണാന്‍ പറയുന്ന ഏര്‍പ്പാട് മാത്രമാണോ.വര്‍ക്ക് ഇന്‍ പ്രോഗ്രസ്, മാര്‍ക്കറ്റ് റെക്കമെന്റ്, അങ്ങനെ എന്തെങ്കിലും.ഫിലിം മാര്‍ക്കറ്റ് തുടങ്ങണം എന്ന് ഇവിടെയുള്ള ഫിലിം മേക്കേഴ്സ് വര്‍ഷങ്ങളായി പറയുന്നതിനെ അനുനയിപ്പിക്കാന്‍ യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ ആളുകളുടെ കണ്ണില്‍ പൊടി ഇടാന്‍ വേണ്ടി തട്ടിക്കൂട്ടുന്ന ഒരു ഉടായിപ്പ് പരിപാടി ആണ് അറിഞ്ഞിടത്തോളം ഈ ഫിലിം മാര്‍ക്കറ്റ് നാടകം. ഡിസംബര്‍ 6 ന് തുടങ്ങുന്ന മേളയില്‍ മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ നാട്ടിലുള്ള എല്ലാ സിനിമകളും ഡിസംബര്‍ 2 നകം അപേക്ഷിച്ചോളൂ എന്ന് പറയുമ്ബോള്‍ തന്നെ ഈ തട്ടിക്കൂട്ടല്‍ വ്യക്തം ആണല്ലോ.ഫിലിം മാര്‍ക്കറ്റ് കമ്മിറ്റി എന്ന പേരില്‍ ഇറക്കിയ പത്ര കുറിപ്പില്‍ വൈസ് ചെയര്‍മാന്‍ എന്ന സ്ഥാനത്ത് എന്റെ പേരാണ് ഉണ്ടായിരുന്നത്. അംഗങ്ങള്‍ ആയി ഷെറി, മനോജ് കാന എന്നിവര്‍ ഒക്കെ ആണ് കണ്ടത്. എന്നോട് ചോദിച്ചിട്ടല്ല കമ്മിറ്റിയില്‍ ഇട്ടത്. ഷെറിയോടും മനോജിനോടും സമ്മതം ചോദിച്ചിട്ടില്ല എന്നാണ് അറിഞ്ഞത്. ആ കമ്മിറ്റി റിവൈസ് ചെയ്‌തോ അതോ ഇപ്പോളും നിലവിലുണ്ടോ. ഈ ഫിലിം മാര്‍ക്കറ്റ് സംബന്ധിച്ചു ആ കമ്മിറ്റി ഒരിക്കലെങ്കിലും കൂടിയിട്ടുണ്ടോ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടോ.ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിലുള്ള ഡിവിഡികള്‍ എല്ലാം കളക്‌ട് ചെയ്ത് ഒരു ഹോട്ടലില്‍ ബൂത്ത് ഇട്ട് നിരത്തി വെച്ചു അവയുടെ എല്ലാം പോസ്റ്ററും ഒട്ടിച്ചു വെച്ചു ഫിലിം മാര്‍ക്കറ്റ് ഫിലിം മാര്‍ക്കറ്റ് എന്ന് വിളിച്ചു കൂവി നടത്തിയ ഒരു വര്‍ഷം ഉണ്ടായിരുന്നു കേരള മേളയില്‍. ഇത്തവണ അതിന്റെ ലേറ്റസ്റ്റ് എഡിഷന്‍ ആണെന്ന് തോന്നുന്നു. ഡിവിഡി യ്ക്ക് പകരം വീമിയോ ലിങ്ക്.ബാക്കി ഒക്കെ അതു തന്നെ. ലോകത്തെ കൊള്ളാവുന്ന ഏതെങ്കിലും ഒരു മേളയുടെ പ്രോഗ്രാമര്‍മാര്‍ കേരള മേളയില്‍ പങ്കെടുക്കാറുണ്ടോ. പ്രധാനപ്പെട്ട ഏതെങ്കിലും സെയില്‍സ് ഏജന്‍സികള്‍ ഇവിടെ വരാറുണ്ടോ.ഈ വര്‍ഷം ഫിലിം മാര്‍ക്കറ്റില്‍ എത്തുന്ന ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരും സെയില്‍സ് ഏജന്‍സികളും ആരൊക്കെയാണെന്ന ലിസ്റ്റ് ഐഎഫ്‌എഫ്‌കെ ഒന്ന് പുറത്ത് പറഞ്ഞാല്‍ അപ്പോള്‍ തീരും ഈ ഫിലിം മാര്‍ക്കറ്റ് കള്ളത്തരം.കുറഞ്ഞ പക്ഷം മറ്റ് ചലച്ചിത്ര മേളകള്‍ എത്ര ആസൂത്രിതമായും , മുന്നൊരുക്കങ്ങളോടെയും ആണ് ഫിലിം മാര്‍ക്കറ്റുകള്‍ സംഘടിപ്പിക്കുന്നത് എന്ന് ഒന്നു നോക്കി കാണുക എങ്കിലും ചെയ്യൂ. സര്‍ക്കാര്‍ നല്‍കുന്ന പൊതു ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് ഫിലിം ഫെസ്‌റിവലും ഫിലിം മാര്‍ക്കറ്റും ഒക്കെ സംഘടിപ്പിക്കുന്നത്. അക്കാദമി അത് മറക്കരുത്. ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന അവസാന നിമിഷം ഒപ്പിച്ചെടുക്കുന്ന തട്ടിപ്പ് പരിപാടികള്‍ അല്ല ഫിലിം മാര്‍ക്കറ്റിന്റെ കാര്യത്തില്‍ ഉണ്ടാകേണ്ടത്. കൃത്യമായ മുന്നൊരുക്കങ്ങളും ആസൂത്രണവും നടത്തി പൊട്ടന്‍ഷ്യല്‍ ആയ ഫിലിം ഫെസ്റ്റിവലുകളുടെ പ്രോഗ്രാമര്‍മാരെയും ലോകത്തെ പ്രധാന സെയില്‍ ഏജന്‍സികളുടെ പ്രതിനിധികളെയും വളരെ മുന്നേ ബന്ധപ്പെട്ട് അവരുടെ സാന്നിധ്യം ഉറപ്പു വരുത്തിയും ഒക്കെ ആണ് മാര്‍ക്കറ്റ് ആരംഭിക്കേണ്ടത്. അല്ലാതെ ഫിലിം മാര്‍ക്കറ്റ് എന്ന് പേരിട്ടു രണ്ടു കമ്ബ്യൂട്ടറും നാല് പോസ്റ്ററും വെച്ചാല്‍ ഫിലിം മാര്‍ക്കറ്റ് ആവില്ല. അത് ഫിലിം മാര്‍ക്കറ്റ് എന്ന പേരിലുള്ള തട്ടിപ്പേ ആവുകയുള്ളൂ. ആളുകളുടെ കണ്ണില്‍ പൊടിയിടല്‍ അല്ല വേണ്ടത് ക്രിയേറ്റിവ് ആയ പ്രവര്‍ത്തനം ആണ്.അങ്ങനെ തികച്ചും ആസൂത്രിതമായ മലയാള സിനിമയ്ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ഒരു ഫിലിം മാര്‍ക്കറ്റ് അക്കാദമിയ്ക്ക് അടുത്ത വര്‍ഷം എങ്കിലും ആരംഭിക്കാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു ആശംസിക്കുന്നു.

https://www.facebook.com/Dr.BijuOfficial/posts/2797494000297472

shortlink

Related Articles

Post Your Comments

Related Articles


Back to top button