ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ദിവസം മുതല്‍ ഇന്നു വരെ പോലീസ് വെടിവയ്പില്‍ ജമ്മു കശ്മീരില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ല. എന്നാൽ പലയാളുകളും കശ്മീരില്‍ രക്തച്ചൊരിച്ചില്‍ പ്രവചിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലോക്‌സഭയില്‍ സംസാരിക്കവെയാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണത്തിലാണ്. അടുത്തിടെ നടന്ന ഭീകരാക്രമണത്തില്‍ ഏതാനും പേര്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ഉന്നയിച്ച വിഷയത്തില്‍ പ്രതികരിക്കുമ്പോഴാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 30-35 വര്‍ഷമായി ജമ്മു കശ്മീരില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അത് ഇപ്പോള്‍ വളരെ കുറവാണെന്നോ നടക്കാറില്ലെന്നോ തന്നെ പറയാം. ഇതിന് സുരക്ഷാ സേനയെ അഭിനന്ദിക്കുന്നുവെന്നു പ്രതിരോധ മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് 5നാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും ജമ്മു കശ്മീര്‍ പോലീസും സംസ്ഥാനത്ത് ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തെ നന്നായി ഏകോപിപ്പിക്കുന്നുണ്ടെന്നും കശ്മീര്‍ അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 20ന് രാജ്യസഭയില്‍ സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെ സ്ഥിതി പൂര്‍ണമായും സാധാരണ നിലയിലാണെന്ന് പറഞ്ഞിരുന്നു.
Post Your Comments