
നെടുമ്പാശേരി(കൊച്ചി): രണ്ടു കേസുകളിലായി 3 യാത്രക്കാര്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 53 ലക്ഷം രൂപ വില വരുന്ന വിദേശ കറന്‍സികൾ പിടികൂടി സിഐഎസ്‌എഫ് ഇന്റലിജന്‍സ് യൂണിറ്റ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്കിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് റാഫി, കോഴിക്കോട് സ്വദേശി ആതിഫ് എന്നിവരാണ് ആദ്യ കേസില്‍ പിടിയിലായത്.
റാഫിയുടെ പക്കല്‍ നിന്ന് 14 ലക്ഷം രൂപ വില വരുന്ന 18,400 അമേരിക്കന്‍ ഡോളറും ആതിഫില്‍ നിന്ന് 6 ലക്ഷം രൂപ വിലവരുന്ന 8,100 അമേരിക്കന്‍ ഡോളറുമാണ് പിടികൂടിയത്. ഇവര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് പരിഭ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രഹസ്യാന്വേഷണ വിഭാഗം പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ ബാഗില്‍ നിന്ന് വിദേശ കറന്‍സികള്‍ പിടികൂടിയത്.
മലിന്‍ഡോ എയര്‍ വിമാനത്തില്‍ ക്വാലലംപുരിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്ന് 33 ലക്ഷം രൂപയുടെ വിദേശ കറന്‍സികളാണ് രണ്ടാമത്തെ കേസില്‍ പിടികൂടിയത്. കോഴിക്കോട് സ്വദേശി ബഷീറില്‍ നിന്ന് 96,100 സൗദി റിയാലും 17 ബഹ്റൈന്‍ ദിനാറും 450 യുഎഇ ദിര്‍ഹവുമാണ് പിടികൂടിയത്.
Post Your Comments