തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിയും സംഘവും സുരക്ഷതേടി കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിയതിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ആചാരം ലംഘിക്കുന്നവര്‍ക്കൊപ്പമല്ല ആചാരം സംരക്ഷിക്കുന്നവര്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളേണ്ടത്. ശബരിമല യുവതീപ്രവേശനുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ സമാധാനപരമായും രമ്യമായും പരിഹരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം. ഭക്തജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഏതറ്റം വരേയും പോകുമെന്നു കുമ്മനം പ്രതികരിച്ചു.
ആചാരലംഘനം നടത്താന്‍ ശ്രമിച്ചവര്‍ കോടതിയില്‍ പോയാലും ഞങ്ങള്‍ നേരിടും. അവരുടെ വാദങ്ങള്‍ക്കെതിരെ ഭക്തരുടെ നിലപാട് ഞങ്ങള്‍ ശക്തമായി കോടതിയില്‍ പറയും. തങ്ങളിപ്പോള്‍ തന്നെ കേസിൽ കക്ഷികളാണ്. ഭക്തജനതാത്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യറാണ്. നിയമയുദ്ധം നടത്തണമെങ്കില്‍ അങ്ങനെ അതല്ല സമരമുഖം തുറക്കണമെങ്കില്‍ അങ്ങനെ ഇനി അതുമല്ല രമ്യമായി പ്രശ്നം തീര്‍ക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ എന്തിനും ഞങ്ങളൊരുക്കമാണെന്നു കുമ്മനം മുന്നറിയിപ്പ് നൽകി.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിക്കാത്തത് എന്ത് കൊണ്ടാണെന്നും ? ആചാരങ്ങള്‍ ഇതേ പോലെ തുടരണമെന്നും സംരക്ഷിക്കണമെന്നും ദേവസ്വം ബോര്‍ഡ‍് കോടതിയില്‍ എന്തു കൊണ്ടാണ് പറയാത്തതെന്നും കുമ്മനം ചോദിക്കുന്നു. റിവിഷന്‍ ഹര്‍ജിയാണ് അവര്‍ കോടതിയില്‍ നല്‍കേണ്ടത്. അതിനു പകരം സാവകാശഹര്‍ജിയാണ് നല്‍കിയത്. നിലപാട് മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് ഇപ്പോഴും സമയമുണ്ട്. ശബരിമല ക്ഷേത്രത്തിന്‍റെ വരുമാനം കൊണ്ടാണ് കേരളത്തിലെ 1300-ഓളം ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഭക്തജനങ്ങള്‍ വരാതെ ആയപ്പോള്‍ നൂറ് കോടിയുടെ വരുമാനക്കുറവാണ് ഉണ്ടായതെന്നും ഭക്തജനങ്ങളുടെ പ്രതിഷേധമാണ് ഇതിലൂടെ കാണുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
അതേസമയം തൃപ്തി ദേശായിക്ക് പിന്നില്‍ സംഘപരിവാര്‍ ആണെന്ന കടകംപ്പള്ളി സുരേന്ദ്രന്‍റെ ആരോപണത്തിന് അങ്ങനെയെങ്കിൽ എന്തു കൊണ്ട് സര്‍ക്കാര്‍ അവരെ ശക്തമായി നേരിടുന്നില്ലെനന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം
Post Your Comments