Kerala

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനും ബദൽ മാർഗങ്ങളുടെ പ്രചാരണത്തിനും ഹരിതകേരളം മിഷൻ

ഒരുതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും വില്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ നിരോധനനടപടികൾ കർശനമായി പാലിക്കാനും ബദൽ ഉല്പന്നങ്ങൾ പരിചയപ്പെടുത്താനും അവ ഉപയോഗിക്കാനുമായി ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിപുലമായ കാമ്പയിൻ സംഘടിപ്പിക്കുന്നു.
ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക – ആരോഗ്യ- മാലിന്യ പ്രശ്നങ്ങൾ ഹരിതകേരളം മിഷൻ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം പൂർണമായി അനുവർത്തിച്ച് പ്രകൃതിസൗഹൃദ ബദൽ ഉല്പന്നങ്ങളുടെ ഉപയോഗത്തിന് പ്രചാരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

Read also: ഇരുമുടിക്കെട്ടിനുള്ളില്‍ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ടു വരരുതെന്ന് കർശന നിർദേശം

കുടുംബശ്രീ, മറ്റ് സ്വയംതൊഴിൽ സംരംഭകർ എന്നിവരെ പങ്കെടുപ്പിച്ച് ബദൽ ഉല്പന്ന നിർമ്മാണം വ്യാപകമാക്കാനും നടപടി സ്വീകരിക്കും. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിതനിയമ ബോധവൽക്കരണ പരിപാടികൾ കൂടുതൽ ഊർജ്ജിതമാക്കും. സംസ്ഥാനത്ത് ഹരിതനിയമങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ഇതുവരെ 20 ലക്ഷം പേർക്ക് ഹരിതനിയമാവലി പരിശീലനം നൽകി. പരിശീലനം നേടിയവരിലൂടെ സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ നിയമവും ഹരിതനിയമവും പ്രചരിപ്പിക്കും. നിയമലംഘനങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയും തുടർ നടപടികളും കാമ്പയിൻ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോധവൽക്കരണ സന്ദേശവും പ്രകൃതി സൗഹൃദ ബദൽ ഉല്പന്ന ഉപയോഗത്തിന്റെ സാധ്യതകളും സംബന്ധിച്ച് എല്ലാ വീടുകളിലേക്കും കുട്ടികൾ മുഖേന ആരംഭിക്കുന്ന കാമ്പയിൻ പരിപാടികൾക്ക് ജനുവരി ഒന്നിന് തുടക്കമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button