
ന്യൂ ഡൽഹി : രണ്ടാഴ്ച മുമ്പ് അഫ്ഗാനിസ്ഥാനിലെ നങ്ഗർഹർ പ്രവിശ്യയിൽ അഫ്ഗാൻ സുരക്ഷാസേനയ്ക്ക് മുമ്പാകെ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായ ഭീകരവാദികളും കുടുംബങ്ങളും കീഴടങ്ങിയെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ സംഘത്തിലെ മലയാളി യുവതിയെ തിരിച്ചറിഞ്ഞതായി സൂചന. കാസര്‍കോട് സ്വദേശി അയിഷ എന്ന സോണിയ സെബാസ്റ്റ്യനെ തിരിച്ചറിഞ്ഞെതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ ദിന പത്രമായ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഫോട്ടോ കണ്ട് അയിഷയെ തിരിച്ചറിഞ്ഞുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിൽ പറയുന്നു. ഐസിസ് സംഘത്തില്‍ ചേരാനായി 2016ൽ ഇന്ത്യവിട്ട 21 അംഗ സംഘത്തില്‍ ആയിഷയുണ്ടെന്നാണ് വിവരം.
തൃക്കരിപ്പൂര്‍ സ്വദേശി റാഷിദിന്റെ ഭാര്യയാണ് സോണി സെബാസ്റ്റ്യന്‍ എന്ന ആയിഷ കേരളത്തില്‍ നിന്ന് ഐസിസിലേക്ക് ആളുകളെ ചേര്‍ത്തത് റാഷിദാണ്. അയിഷയെ വിവാഹം ചെയ്തശേഷം കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അദ്ധ്യാപകനായി എത്തിയ റാഷിദ് സഹപ്രവര്‍ത്തകയായ യാസ്മിന്‍ എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലായി. പിന്നീട് യാസ്മിനെ റാഷിദ് തന്റെ രണ്ടാം ഭാര്യയാക്കി. 2016 മെയ് 31നാണ് മൂവരും മുംബൈ വഴി മസ്‌ക്കറ്റിലേക്ക് പോയത്. രാജ്യം വിടുമ്പോള്‍ അയിഷ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ യു.എസ് സൈന്യം നടത്തിയവ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായും നാട്ടിലുള്ളവര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു.
ഭീകരര്‍ കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ തൃക്കരിപ്പൂരിലെത്തി. ഐസിസില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് ഇവര്‍ പലരുടേയുംഫോട്ടോകള്‍ കാണിച്ചെങ്കിലും ആരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
900 പേരടങ്ങുന്ന ഐഎസ് സംഘം കീഴടങ്ങിയെന്നാണ് വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. ഇവരില്‍ 10 പേര്‍ മലയാളികളുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഭീകരർ കീഴടങ്ങിയതായി വിവരമില്ലെന്നും അഫ്ഗാനിസ്ഥാൻ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരമൊന്നും നല്കിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. ഈ പത്ത് പേരെയും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് മാറ്റിയതായാണ് സൂചന. അഫ്ഗാൻ ദേശീയ സുരക്ഷാ ഏജൻസിയും, ഇന്‍റലിജൻസ് ഏജൻസികളും ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുന്നു. ഓരോരുത്തരെയും വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ പ്രക്രിയ അവസാനിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ തരാനാകൂവെന്ന് ഒരു അഫ്ഗാൻ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
നവംബർ 12-ന് അഫ്ഗാൻ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെത്തുടർന്നായിരുന്നു കീഴടങ്ങൽ. ഓപ്പറേഷൻ തുടങ്ങി മണിക്കൂറുകൾക്കകം 93 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ചു. എല്ലാവരും ആയുധം വച്ച് കീഴടങ്ങി.ഇതിൽ 13 പാക് പൗരൻമാരുമുണ്ടായിരുന്നു.
Post Your Comments