ഭുവനേശ്വര്‍: 19 കാല്‍വിരലുകളും 12 കൈ വിരലുകളുമായി ജനിച്ച സ്ത്രീയെ ദുര്‍മന്ത്രവാദിനിയെന്ന് വിളിച്ച് ഒറ്റപ്പെടുത്തി വീട്ടുകാരും നാട്ടുകാരും. അപൂര്‍വ്വ രോഗം ബാധിച്ച് കാലുകളില്‍ പത്തൊമ്പത് വിരലുകളും കയ്യില്‍ പന്ത്രണ്ട് വിരലുകളും ഉള്ള നിലയിലാണ് കുമാര്‍ നായക് എന്ന സ്ത്രീ ജനിച്ചത്. ഒഡിഷ സ്വദേശിയാണ് ഇവര്‍. 63 വര്‍ഷം നീണ്ട ദുരിത ജീവിതത്തേക്കുറിച്ച് അടുത്തിടെയാണ് ഇവര്‍ തുറന്നു പറയുന്നത്.
അയല്‍ക്കാരാരും തന്നെ ഒരു സാധാരണ മനുഷ്യസ്ത്രീയായി കാണുന്നില്ല. സംസാരിക്കുന്നതിനായി ആരും തന്റെ അടുത്ത് വരുന്നില്ല. ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ചതിനാല്‍ ചികിത്സ നടത്താനും കഴിഞ്ഞില്ല. 63 വര്‍ഷമായിട്ടും തന്നോടുള്ള ജനങ്ങളുടെ ചിന്തയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി തുടരുന്ന ഈ അവഗണനയുമായി പൊരുത്തപ്പെട്ടുവെന്നും തനിക്ക് അതില്‍ പരിഭവമില്ലെന്നും നായിക് പറയുന്നു. ഇതൊരു രോഗാവസ്ഥയാണെന്ന് വിശ്വസിക്കാന്‍ പോലും പലരും തയ്യാറല്ലെന്ന് ഒഡിഷയിലെ ഗഞ്ചം സ്വദേശിയായ ഇവര്‍ പറയുന്നു.
ഈ അവസ്ഥയേക്കുറിച്ച് കേട്ടറിഞ്ഞ് ആളുകള്‍ വരാന്‍ കൂടി തുടങ്ങിയതോടെ വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായി. ആളുകള്‍ കൂടുതല്‍ വരാന്‍ തുടങ്ങിയതോടെ ഇവര്‍ ദുര്‍മന്ത്രവാദിയാണെന്ന നാട്ടുകാരുടെ വാദങ്ങള്‍ക്ക് കൂടുതല്‍ ബലമായി. തന്നെ അമ്മ ഗര്‍ഭം ധരിച്ചിരുന്ന അവസ്ഥയില്‍ സംഭവിച്ച എന്തോ തകരാറ് ആണ് ഇതെന്നാണ് കുമാര്‍ നായക് പറയുന്നത്.
കുട്ടിക്കാലത്ത് തന്നെ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നെങ്കില്‍ വിരലുകള്‍ നീക്കം ചെയ്യാന്‍ കഴിയുമായിരുന്നെന്നുമാണ് കുമാര്‍ നായിക്കിന്റെ വിശ്വാസം. 63 വര്‍ഷം ഒറ്റപ്പെട്ട് ജീവിച്ചു. ഇനിയും അത് തന്നെ തുടരേണ്ടി വരുമെന്നാണ് കരുതുന്നതെന്നും ഇവര്‍ പറഞ്ഞു.
Post Your Comments