വനിതാ മതിലിനിടെ കൈക്കുഞ്ഞിനെയുമേന്തി മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന ചിത്രത്തിലൂടെ വൈറലായ ആതിര വാഹനാപകടത്തില്‍ മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. മരണപ്പെട്ടത് നീലിമ എന്ന പെണ്‍കുട്ടിയാണെന്നും ആതിര ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ആതിരയുടെ ഭര്‍ത്താവ് ജിജി മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ ഉള്ളതല്ല നവമാധ്യമമെന്നും അദ്ദേഹം പറഞ്ഞു.
നീലിമയുടെയും ആതിരയുടെയും ചിത്രങ്ങളും അദ്ദേഹംപങ്കുവെച്ചിട്ടുണ്ട്.
കോട്ടയം തലയോലപ്പറമ്പില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് നീലിമയെന്ന 27 കാരി മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ചക്കുകുഴി കരോട്ട് ബിനീഷിന്റെ ഭാര്യയായിരുന്നു നീലിമ. ബിനീഷ് പരിക്കുകളോടെ ചികിത്സയിലാണ്.
നീലിമയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് തയ്യാറാക്കിയ പോസ്റ്ററും ആതിര മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന ചിത്രവും ചേര്‍ത്ത് വച്ചായിരുന്നു വ്യാജ പ്രചാരണം. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തില്‍ തലയോലപ്പറമ്പിലൂടെ കൈക്കുഞ്ഞിനെയും ഒക്കത്തെടുത്ത് ഉശിരോടെ അടിവെച്ച് നീങ്ങിയവള്‍ എന്നാണ് വ്യാജ പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. ഒരു ലോറിയുടെ രാക്ഷസപ്പാച്ചിലില്‍ അവള്‍ പൊലിഞ്ഞുപോയെന്നും വിവരിക്കുന്നു.
എന്നാല്‍ ചിത്രം ആതിരയുടേത് തന്നെയാണെന്നും എന്നാല്‍ മരിച്ചത് നീലിമയെന്ന യുവതിയാണെന്നും ചിത്രങ്ങള്‍ സഹിതം ജിജി മോഹന്‍ വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/jiji.mohan.12/posts/2647763418648157
Post Your Comments