ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയെ സന്ദര്‍ശിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. താന്‍ നിരവധി ആള്‍ദൈവങ്ങളെ സന്ദര്‍ശിക്കാറുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. നിത്യാനന്ദയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ശിവകുമാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം നിത്യാനന്ദക്കെതിരെയും രണ്ടു ശിഷ്യകൾക്കെതിരെയും ഗുജറാത്ത് സർക്കാർ കേസെടുത്തിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിത്യാനന്ദയെ സംരക്ഷിക്കുന്നത് ബിജെപി ആണെന്നുള്ള തരത്തിൽ പല പ്രചാരണങ്ങളും ഉണ്ടായി.
എന്നാൽ ഇതിനു മറുപടിയെന്ന നിലയിലാണ് ശിവകുമാറും നിത്യാനന്ദയും തമ്മിലുള്ള ഫോട്ടോകൾ പ്രചരിച്ചത് . ഒരു വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് കാലത്താണ് നിത്യാനന്ദയെ സന്ദര്‍ശിച്ചതെന്ന് ശിവകുമാര്‍ പറഞ്ഞു. ആശ്രമത്തില്‍ പോയപ്പോള്‍ കുറച്ച് മിനിറ്റുകള്‍ മാത്രമാണ് അദ്ദേഹവുമായി ചെലവഴിച്ചത്. നിരവധി ആള്‍ദൈവങ്ങളെ താന്‍ കാണാറുണ്ട്. അവരും തന്റെ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്. എന്നാല്‍ നിത്യാനന്ദയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തനിക്കറിയില്ലായിരുന്നെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന് വലിയ ആശ്രമവും സ്ഥാപനങ്ങളുമുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ താന്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ വോട്ട് തേടാന്‍ പോയിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.നാലോളം കുട്ടികളെ തട്ടിക്കൊണ്ടു പോയി അനധികൃതമായി ഫ്ളാറ്റില്‍ താമസിപ്പിച്ചതിനും ബാലവേല ചെയ്യിപ്പിച്ചതിനും നിത്യാനന്ദയുടെ ശിഷ്യരായ രണ്ട് സ്ത്രീകളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സാധ്വി പ്രാണ്‍ പ്രിയാനന്ദ, പ്രിയതത്വ റിധി കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്.
അന്യായമായി തടവില്‍ പാര്‍പ്പിക്കുക, ദേഹോപദ്രവമേല്‍പ്പിക്കുക, അപവാദപ്രചരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments