ന്യൂ ഡല്‍ഹി: തീരദേശനിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി സുപ്രീംകോടതി ഇന്ന് വിലയിരുത്തും. ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതിന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും.
ഇതോടൊപ്പം ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കും. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം വിതരണം ചെയ്യാന്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിനാല്‍ ആര്‍ക്കൊക്കെ തുക നല്‍കി എന്നതടക്കമുള്ള കാര്യങ്ങളും കോടതി പരിശോധിക്കും.
അതേസമയം മരട് ഫ്ളാറ്റുകള്‍ക്ക് നിയമ വിരുദ്ധമായി നിര്‍മ്മാണ അനുമതി നല്‍കിയതിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്ത ജയറാം നായിക്ക് വിജിലന്‍സ് കോടതിയില്‍ കീഴടങ്ങി. മരടിലെ മുന്‍ പഞ്ചായത്ത് ഓഫിസ് ക്ലര്‍ക്കായിരുന്നു ജയറാം നായിക്ക്. ചട്ടങ്ങള്‍ ലംഘിച്ച് മാര്‍ഷല്‍ ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ക്രൈം ബ്രാഞ്ച് ജയറാമിനെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ എര്‍ണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി തള്ളിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് കോടതിയില്‍ കീഴടങ്ങിയത്.
Post Your Comments