പാമ്പിൻ വിഷം ശരീരത്തിൽ കയറിയാൽ ആധുനിക വൈദ്യശാസ്ത്രം നൽകിയിട്ടുള്ള ശരാശരി ഗോൾഡൻ അവേഴ്‌സ് എത്രയാണെന്നറിയാമോ? ഗോൾഡൻ അവേഴ്‌സിനെക്കുറിച്ച് വളരെ വിശദമായി റിബിൻ റാം പട്ടത്ത് വ്യക്തമാക്കുകയാണ്. ബത്തേരിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിക്കാനിടയായ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂർണ രൂപം
ഗോൾഡൻ അവേഴ്‌സ്.
പാമ്പിൻ വിഷം ശരീരത്തിൽ കയറിയാൽ ആധുനിക വൈദ്യശാസ്ത്രം നൽകിയിട്ടുള്ള ശരാശരി ഗോൾഡൻ അവേഴ്‌സ് എത്രയാണെന്നറിയാമോ?
30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ.
ഒരു മണിക്കൂറിനും അപ്പുറം ട്രീറ്റ്മെന്റ് നൽകുവാൻ വൈകുന്ന ഓരോ നിമിഷവും ആ രോഗിയുടെ ജീവൻ നഷ്ടപ്പെടുന്നതിന് തുല്ല്യമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഗോൾഡൻ അവേഴ്‌സിൽ പോലും ക്രിട്ടിക്കലായ മാറ്റം ഉണ്ടാകും. അത്തരം മാറ്റങ്ങൾ കടിച്ച പാമ്പിന്റെ ഇനം, ശരീരത്തിലേക്ക് ഇഞ്ചക്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വിഷത്തിന്റെ അംശം, രോഗിയുടെ മാനസിക നില , ലഭിക്കുന്ന പ്രാഥമിക ചികിത്സയുടെ നിലവാരം എന്നീ കാര്യങ്ങളുമായി ഗോൾഡൻ അവേഴ്‌സിന് നേരിട്ട് ബന്ധമുണ്ട്. അതിനനുസരിച്ച് ഈ സമയം കൂടാം കുറയാം.
ഇനി വിഷയത്തിലേക്ക് വരാം. കൃത്യമായ വിവരങ്ങൾ വെച്ച് കൊണ്ട് പറയുകയാണ്, സ്‌കൂളിൽ വൈകിയ സമയം ഏകദേശം 31 മിനിറ്റാണ്. സർപ്പദംശനം ഏറ്റാൽ നൽകേണ്ട ഏറ്റവും പ്രാഥമികമായ മുൻകരുതലുകൾ സ്‌കൂൾ അധികൃതർ നൽകിയിരുന്നു എന്നാണ് അറിയുന്നത്. പക്ഷേ അവർ വൈകിച്ച 31 മിനിറ്റ് ആ പൊന്നു മോൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാനുള്ള ഗോൾഡൻ അവറിന്റെ 50% സമയമാണ്. കുറ്റകരമായ അനാസ്ഥയായിരുന്നു അത് എന്ന് തന്നെ വിലയിരുത്താം.
ഇനിയുള്ളത് സൂക്ഷിച്ചു വായിക്കണം,
പക്ഷേ ഷെഹ്‌ല ഷെറിനെ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചിട്ടും ആ പൊന്നു മോളെ മരണം കവർന്നെടുത്തെങ്കിൽ നിസംശയം പറയാം, ആ മരണത്തിന് ഉത്തരവാദികൾ ഈ സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പും, ആരോഗ്യവകുപ്പിനെ നിയന്ത്രിക്കുന്ന സംസ്ഥാന സർക്കാരും ആണെന്ന്.
ആന്റി സ്നേക്ക് വെനം ഉണ്ടായിരുന്നിട്ട് കൂടി മരണത്തോട് മല്ലിടുന്ന ആ കുഞ്ഞിന് അത് നൽകുവാൻ വിമുഖത കാണിച്ച ഡോക്റ്ററെ പുലഭ്യം പറയുന്നതിന് മുൻപ് നമ്മൾ അറിയേണ്ടത്, ആന്റി സ്നേക്ക് വെനം നൽകിക്കഴിഞ്ഞാൽ ഉണ്ടായേക്കാവുന്ന ക്രിട്ടിക്കൽ കോംപ്ലിക്കേഷൻസുകളെ നേരിടുവാൻ തക്ക സംവിധാനങ്ങൾ ഒന്നും തന്നെ ഇത്രയും വലിയ ഏരിയ കവർ ചെയ്യുന്ന ബത്തേരി സർക്കാർ ആശുപതിയിൽ ഇല്ല എന്ന സത്യമാണ്. സപ്പോർട്ടീവ് സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ല, അനുഭവ സമ്പത്തുള്ള ഡോക്റ്റർമാർ ഇല്ല, എന്തിന് അധികം പറയുന്നു ഒരു പീഡിയാട്രിക്ക് ഐ.സി.യുവോ, പീഡിയാട്രിക്ക് വെന്റിലേറ്ററോ ഒന്നും ഇല്ലാത്തിടത്ത് ഒരു ഡോക്റ്റർക്ക് മനോബലത്തിന്റെ മാത്രം ഉറപ്പിൽ തീരുമാനങ്ങൾ എടുക്കുന്നതിന് വളരെയധികം പരിമിതികൾ ഉണ്ടെന്ന സത്യം നമ്മൾ തിരിച്ചറിയണം. കടുത്ത അനാസ്ഥ ഉണ്ടെങ്കിലും, സ്‌കൂളിൽ വൈകിയ 31 മിനിട്ടും, ബത്തേരി സർക്കാർ ആശുപത്രിയിൽ ചെലവായ 25 മിനിട്ടും കൂടി കൂട്ടിയാൽ പോലും ഒരു മണിക്കൂറിനുള്ളിൽ ചുരമിറങ്ങി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തുവാൻ സാധ്യമല്ല എന്ന സത്യം നമ്മൾ തിരിച്ചറിയണം.
പിന്നെ ആർക്കാണ് പിഴച്ചതെന്ന് ചോദിച്ചാൽ, സർക്കാർ സംവിധാനങ്ങൾക്ക് നേരെ വിരൽ ചൂണ്ടുവാനേ നമുക്ക് കഴിയു. കാരണം വർഷമിത്രയായിട്ടും വയനാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായ മെഡിക്കൽ കോളേജ് എന്നത് പോയിട്ട് അത്യാവശ്യം എമർജൻസി ചികിൽസാ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഒരൊറ്റ സർക്കാർ ആശുപത്രി പോലും വയനാട്ടിൽ ഇല്ലാത്തത് ആരുടെ അനാസ്ഥയാണ്, ആരുടെ കഴിവ് കേടാണ്..? പീഡിയാട്രിക് ഐ.സി.യുവോ, പീഡിയാട്രിക്ക് വെന്റിലേറ്ററോ ഉള്ള എത്ര സർക്കാർ ആശുപത്രികൾ വയനാട്ടിൽ ഉണ്ട്? കഴിഞ്ഞ ആഴ്ച കോടീശ്വരൻ എന്ന പരിപാടിയിൽ ഒരു മത്സരാർഥി സുരേഷ് ഗോപി എം.പിയോട് പറയുന്നത് കേട്ടു, ഞങ്ങൾ വയനാട്ടുകാർക്ക് ചുരത്തിന് ബദലായി കോഴിക്കോട്ടേക്ക് ഒരു പാത ഉണ്ടായിരുന്നുവെങ്കിൽ എത്രയോ ജീവനുകൾ രക്ഷിക്കാമായിരുന്നു എന്ന്. ഒന്നുകിൽ ഞങ്ങൾക്കൊരു മെഡിക്കൽ കോളേജ് വേണം, അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് ഒന്നൊന്നര മണിക്കൂർ കൊണ്ടെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തുവാൻ സാധ്യമായ യാത്രാ മാർഗങ്ങൾ വേണം എന്ന് ആ മത്സരാർഥി അവരുടെ അച്ഛന്റെ ഓർമകളിൽ കണ്ണീരണിഞ്ഞ് കൊണ്ട് പറയുന്നത് കേട്ടപ്പോൾ ഞാൻ കരുതിയില്ല എല്ലാ മലയാളികളുടെയും കണ്ണീർ പൊഴിക്കുവാൻ തക്ക ശക്തിയുള്ള ദുഃഖകരമായ ചില വാർത്തകൾ നമ്മളെ കാത്തിരിക്കുന്നുണ്ടെന്ന്.
ഇത്രയും കുറ്റകരമായ അനാസ്ഥ നടന്നു കൊണ്ടിരിക്കുന്ന കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ മന്ത്രിയായ ശൈലജ ഷെഹ്‌ല ഷെറിന്റെ മരണത്തിൽ കേവലമൊരു ആദരാഞ്ജലി പോസ്റ്റ് ഇട്ടതല്ലാതെ, ആ കുഞ്ഞു മോളുടെ യഥാർത്ഥ മരണ കാരണമായ ആരോഗ്യവകുപ്പിൽ കൊടികുത്തി വാഴുന്ന അനാസ്ഥയെ പറ്റി എന്തെങ്കിലും പറഞ്ഞത് നമ്മൾ കേട്ടുവോ? കേൾക്കില്ല, വിദേശ നാടുകൾ ചുറ്റി കറങ്ങിയും, പഴം പൊരിക്കും, തോർത്ത് മുണ്ടിനും വരെ ഖജനാവിൽ നിന്നും കണക്കെഴുതിയും, ഭാസ്ക്കരേട്ടന്റെ മുക്കത്തെ ശുണ്ഠിയുടെ മനോഹാരിതയും ഒക്കെ ആസ്വദിച്ചു കൊണ്ടിരിക്കുന്ന ശൈലജ എന്ത് പ്രതികരിക്കുവാൻ ആണ്? നഷ്ടപ്പെട്ട് പോയത് ഏതെങ്കിലും സി.പി.എം നേതാവിന്റെ കുടുംബത്തിൽ നിന്നല്ലല്ലോ.
ഉണ്ടാകാതിരിക്കട്ടെ, ദൗർഭാഗ്യവശാൽ അങ്ങിനെ ഉണ്ടായാൽ ഭാവിയിൽ വയനാട്ടിലെ ഒരു സ്‌കൂൾ അധികൃതരും പാമ്പ് കടിയേറ്റാൽ വെച്ച് താമസിപ്പിക്കുകയില്ല എന്നെനിക്ക് ഉറപ്പുണ്ട്. അവർ സാധ്യമായ അത്രയും വേഗതയിൽ ആശുപത്രിയിൽ എത്തിക്കും. പക്ഷെ എത്തിച്ച രോഗിയുടെ ജീവൻ രക്ഷിക്കുവാൻ ഉതകുന്ന സംവിധാനങ്ങൾ ഇനിയെങ്കിലും വയനാട്ടിലെ സർക്കാർ ആശുപത്രികളിൽ ഉണ്ടാകുമോ, അതോ നാട്ട് നടപ്പ് പോലെ മൂന്ന് മണിക്കൂർ യാത്രക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുമോ എന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടി വരും.
Post Your Comments