കോടാനുകോടികളുടെ ആശ്വാസത്തിന്റെ അവസാന ആശ്രയ സ്ഥാനമാണ് ശബരിമല. അയ്യപ്പന്റെ മാത്രമായ അനിതര സാധാരണമായ അനുഗ്രഹവർഷം തന്നെയാണ് ഈ വിശ്വാസത്തിന് പിന്നിൽ. ശബരീശ ദർശനത്തിനെത്തുന്ന അമൃതസ്വരൂപികളും പുണ്യാത്മാക്കളും ധന്യാത്മാക്കളുമായ ഭക്തർ പടകയറിയെത്തുമ്പോള്‍ ആദ്യമായി കാണുന്നത് ഭഗവാനും ഭക്തനും ഒന്നാണെന്ന ‘തത്വമസി’ എന്ന സന്ദേശമാണ്. ധര്‍മശാസ്താ പ്രതിഷ്ഠയാണു ശബരിമലയിലേത്. വ്രതനിഷ്ഠയോടെ വേണം ദർശനം നടത്താൻ. കന്നി അയ്യപ്പ ന്മാർ മുതൽ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണു പാലിക്കേണ്ടത്. 41 ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദർശനം. തുളസി, ചന്ദനം, രുദ്രാക്ഷം എന്നീ മാലകളാണ് ധരിക്കേണ്ടത്. ക്ഷേത്രത്തിൽവച്ച് പൂജാരിയെകൊണ്ട് പൂജിച്ച് ധരിക്കണം. ശരണം വിളിച്ചു വേണം മാല ധരിക്കാൻ.
അതിരാവിലെ ഉണർന്ന് പ്രഭാതകൃത്യങ്ങൾ ചെയ്ത് കുളിച്ച്, അലക്കിത്തേച്ചതോ അതല്ലെങ്കിൽ പുതുവസ്ത്രമോ ധരിച്ച് ക്ഷേത്രദർശനം നടത്തി, ഗണപതിക്ക് തേങ്ങയുടച്ചശേഷമേ മാലയിടാവൂ. മുതിർന്നവരുടെ കാൽതൊട്ട് വന്ദിച്ചിരിക്കണം. കറുത്ത വസ്ത്രമോ നീലവസ്ത്രമോ ധരിക്കണം. മാല ധരിക്കുന്നതിനു മുൻപ് ഭവനവും പരിസരവും ശുദ്ധിയാക്കണം. ശബരീശന്റെ ഒരു ചിത്രം വയ്ക്കണം. വ്രതം തുടങ്ങി കഴിഞ്ഞ് ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ നേരത്തെ കഴുകി വൃത്തിയാക്കി പുണ്യാഹം തളിക്കണം. മാലയിട്ടാൽ എല്ലാവരും അയ്യപ്പന്മാരാണ്.ശ്രീകോവിൽ പോലെ പരമപ്രധാനമാണ് പതിനെട്ടാം പടി. ഇരുമുടിക്കെട്ടുമായി വേണം പടി ചവിട്ടാൻ. ഇരുമുടിക്കെട്ടിൽ അഭിഷേകത്തിനുളള നെയ്ത്തേങ്ങ, വഴി പാട് സാധനങ്ങൾ എന്നിവ ഉണ്ടാകണം. ദർശനത്തിനും വേണം ചിട്ട. പതിനെട്ടാം പടി കയറി തിക്കും തിരക്കും കൂട്ടാതെ ദർശനം നടത്തണം. കന്നിമൂല ഗണപതി, നാഗരാജാവ് എന്നിവിടങ്ങളിൽ തൊഴുത് മാളികപ്പുറത്ത് ദർശനം നടത്തണം. കൊച്ചു കടുത്ത, മണിമണ്ഡപം, നാഗർ, നവഗ്രഹങ്ങൾ, മലദൈവങ്ങൾ എന്നിവർക്കു ശേഷം മാളികപ്പുറത്തമ്മയെ തൊഴണം. ആചാരങ്ങളും അനുഷ്ഠാനങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്.
Post Your Comments