Latest NewsKeralaNews

നടി പാര്‍വതിയെ അപമാനിക്കാന്‍ ശ്രമം; അഭിഭാഷകനെതിരെ കേസെടുത്തു

തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത് പൊലീസില്‍ പരാതി നല്‍കി. നടിയുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 354ഡിയും കേരള പൊലീസ് ആക്ട് 1200 ഉം അനുസരിച്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന കിഷോര്‍ എന്ന വ്യക്തിക്കെതിരെയാണ് കോഴിക്കോട് എലത്തൂര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഒരുമാസമായി പാര്‍വ്വതിക്കും കുടുംബത്തിനും ഫോണ്‍ വിളികളിലൂടെയും സന്ദേശങ്ങളിലൂടെയും ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് പരാതി.

സഹോദരനോട് മെസഞ്ചര്‍ ആപ്പ് കോളിലൂടെ തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്നും ഫേസ്ബുക്കിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നും നടിയുടെ പരാതിയില്‍ പറയുന്നു. കോളിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്. പാര്‍വതിയെക്കുറിച്ച് ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫോണ്‍കോളുകള്‍.സഹോദരനോട് പാര്‍വതി എവിടെയുണ്ടെന്ന് ചോദിച്ചപ്പോള്‍ അമേരിക്കയിലാണെന്ന് മറുപടി പറഞ്ഞു. എന്നാല്‍, അവര്‍ അമേരിക്കയിലല്ലെന്നും കൊച്ചിയിലാണെന്നും ചില മാഫിയക്കാരുടെ പിടിയിലാണെന്നും രക്ഷപ്പെടുത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. സഹോദരന്‍ കോള്‍ കട്ട് ചെയ്‌തെങ്കിലും വാട്‌സാപ്പിലും മെസഞ്ചറിലും ഇയാള്‍ സന്ദേശമയച്ചു. പാര്‍വതിയുമായി അടുപ്പമുണ്ടെന്നും അവകാശപ്പെട്ടു. സഹോദരന്‍ പ്രതികരിക്കാതിരുന്നതോടെ പാര്‍വതിയുടെ അച്ഛനും യുവാവ് സന്ദേശങ്ങളയക്കാന്‍ തുടങ്ങി. അച്ഛനും പ്രതികരിക്കാതായതോടെ ഒക്ടോബര്‍ പതിന്നാലിന് യുവാവ് വീട്ടിലെത്തി. പിന്നാലെ പാര്‍വതിക്ക് ഒരു രഹസ്യ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെന്നും മറ്റും പറഞ്ഞു. മുന്നറിയിപ്പ് നല്‍കിയിട്ടും യുവാവ് ശല്യം തുടര്‍ന്നു. മാതാപിതാക്കള്‍ പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ ‘നിങ്ങളൊരു പരാജയ’മാണെന്നും മറ്റും യുവാവ് പറഞ്ഞതായി പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button