ന്യൂഡൽഹി: ഡിസംബർ ഒന്നു വരെ സൗജന്യ ഫാസ്ടാഗ് നൽകാനൊരുങ്ങി ദേശീയപാതാ അതോറിറ്റി. അടുത്തമാസം ഒന്നു മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനാൽ ആണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. റജിസ്ട്രേഷൻ ഫീസായ 150 രൂപ അതോറിറ്റി വഹിക്കും. ടോൾ പ്ലാസകളോടും മറ്റും ചേർന്നുള്ള അതോറിറ്റിയുടെ സെയിൽസ് പോയിന്റുകളിലാണ് ഈ സൗജന്യം. പണം നൽകി 23 ബാങ്കുകളിലൂടെയും ഇ–കൊമേഴ്സ് സൈറ്റായ ആമസോണിലൂടെയും ഫാസ്ടാഗ് വാങ്ങാം.
സംസ്ഥാന സർക്കാരുകളോടും ടോൾ പ്ലാസകൾ ഫാസ്ടാഗുമായി ബന്ധിപ്പിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. 8 സംസ്ഥാന സർക്കാരുകൾ ഇതുവരെ ധാരണാപത്രം ഒപ്പിട്ടു. ഡിസംബർ ഒന്നു മുതൽ ഫാസ്ടാഗ് ലെയ്നുകളിൽ ടാഗില്ലാതെ കയറുന്ന വാഹനങ്ങൾ ഇരട്ടിത്തുക നൽകണം. നിലവിലുള്ളതുപോലെ പണം കൊടുത്തു പോകാവുന്ന ഒരു ലെയ്ൻ ഉണ്ടാകുമെങ്കിലും വൈകാതെ അതും ഫാസ്ടാഗ് ലെയ്ൻ ആക്കും.
Post Your Comments