മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര വിമാന കമ്പനികളുടെ വിമാനങ്ങൾക്ക് തൽക്കാലം പറക്കാൻ കഴിയില്ല. ‘പോയിന്‍റ് ഓഫ് കോൾ’ പദവി ഇല്ലാത്തതാണ് കാരണം. ഈ പദവി നൽക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കെ.സുധാകരൻ എം.പിയുടെ ചോദ്യത്തിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. മട്ടന്നൂരിലേക്ക് റെയിൽവേ ലൈനും പരിഗണിക്കുന്നില്ല.
‘പോയിന്‍റ് ഓഫ് കോൾ’ പദവി പരിഗണനയിൽ ഇല്ലന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. എയർപോർട്ടിന് സമീപത്ത് മട്ടന്നൂരിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അപേക്ഷ കിട്ടിയിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലും മറുപടി നല്കി.
‘കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജില്ലാ ആസ്ഥാനത്ത് നിന്നും എത്തിച്ചേരുന്നതിന് മട്ടന്നൂരിലേക്ക് റെയിൽവേ ലൈൻ ആവശ്യമാണ്. അത് തുടങ്ങണമെന്ന് നിവേദനത്തിലൂടെയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും നിരന്തരം ആവശ്യപ്പെട്ടിട്ടും അനുകൂല സമീപനമല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്’. കെ സുധാകരൻ എംപി പ്രസ്താവനയിൽ ആരോപിച്ചു.
ALSO READ: മരട് ഫ്‌ളാറ്റ് പൊളിച്ചു നീക്കൽ: ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി സുപ്രീംകോടതി ഇന്ന് വിലയിരുത്തും
ഉത്തര മലബാറിന്‍റെ പൊതുവികസനത്തിന് വേണ്ടിയുള്ള പദ്ധതികളോട് കേന്ദ്രസർക്കാർ പുറംതിരിഞ്ഞ് നില്ക്കരുതെന്നും കെ.സുധാകരൻ എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റൂൾ 377 പ്രകാരം വിഷയം പാർലമെന്‍റിന്‍റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments