
കൊല്ലം: ദാഹിച്ചപ്പോൾ ആഗ്രഹിച്ച് ഫ്രഷ് ജ്യൂസ് കഴിക്കാൻ കുടുംബവുമൊത്ത് കയറിയ യുവാവിന് ചീഞ്ഞ ജ്യൂസ് നൽകുകയും അത് ചോദ്യം ചെയ്തപ്പോൾ മോശമായി പെരുമാറുകയും ചെയ്തുവെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് ഷാജിമോൻ എന്ന യുവാവ്. കൊല്ലം കുണ്ടറ ഇളമ്പള്ളൂരുള്ള എ വൺ ഫ്രൂട്ട്സ് സ്റ്റാൾ എന്ന കടയിലാണ് സംഭവം നടന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവാവ് പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
എനിക്കിന്നൊരു എട്ടിന്റെ പണി കിട്ടി. വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഇളംപളളൂർ ക്ഷേത്രക്കാവിന് നേരെതിർവശത്തെ ഒരു ഫ്രൂട്ട് സ്റ്റാളിൽ കയറി രണ്ട് ഓറഞ്ച് ഫ്രഷ് ജൂസ് പറഞ്ഞു. കേടപാടെ ജീവനക്കാരൻ (സംശയമുണ്ട്) ജൂസറിനരുകിൽ നിരത്തിയ പഴകിയതും പൊട്ടിയതുമായ ഓറഞ്ച് എടുത്തു പൊളിക്കാൻ തുടങ്ങി. അതു കണ്ട് ഞാൻ കയറിച്ചെന്നു. ‘ചേട്ടാ ഫ്രഷ് ജൂസാണ് പറഞ്ഞത്. ഈ ഓറഞ്ച് ചീത്തയാണ്’ അവനത് ഇഷ്ടപ്പെട്ടില്ല.
‘നല്ലതാണ്, തോട് കറുത്തതാണെന്നേയുള്ളു’ എന്നായി അവൻ. ഇത് ചീത്തയാണ്. ഞാനുറപ്പിച്ചു. അവൻ പുറത്തേക്കിറങ്ങി പുതിയ ഓറഞ്ചുകൾക്കിടയിൽ നിന്നു നാലഞ്ചെണ്ണം പെറുക്കിയെടുത്തു പോയി. ഇതിനകം ഞാൻ മകളുടെ ഒപ്പം കൂടി. ജൂസ് വന്നു. മകളും ഭാര്യയും വാങ്ങി കുടിക്കാൻ തുടങ്ങി. ഒന്നു സിപ്പ് ചെയ്ത പാടെ ഭാര്യ അത് മേശമേ ലേക്ക് വച്ചു. ഓറഞ്ച് ചീത്തയാണ്. ഞാൻ രുചിച്ചു നോക്കി, ശരിയാണ്… ചീത്തയാണ്. വല്ലാത്ത ദുർഗന്ധവും. ഭാഗ്യത്തിന് മോൾ കുടിച്ചു തുടങ്ങുന്നതിനു മുന്നെ ഞാൻ വിലക്കി.
കടക്കാരനോട് കാര്യം ബോധിപ്പിച്ചപ്പോൾ തട്ടിയ നായ അയ്യാളുടെ മറുപടി – കാശു തന്നിട്ട് പോടാ ന്ന്. മണ്ഡലകാല വ്രതത്തിലായതിനാൽ അയാളോട് ക്ഷമിച്ചല്ലേ പറ്റു. ഈ കട പുറത്തു നിന്ന് കണ്ടാൽ പഴങ്ങളും പലഹാരങ്ങളും കൊണ്ട് അലങ്കരിച്ച നിലയിലാണ്. അവനോടുള്ള സംസാരത്തിനിടയിൽ കടയുടെ പിൻവാതിൽ ഭാഗം വരെ ഒന്നു കണ്ണോടിച്ചു. ആകെ മൊത്തം വൃത്തിഹീനമായ അവസ്ഥ. സുഹൃത്തുക്കളെ, അയാൾ 80 രൂപ പിടിച്ചുപറിച്ചു മേടിച്ചു. ഇതിനകം അനേകരിൽ നിന്നിയ്യാൾ കാശുണ്ടാക്കിയിരിക്കാം. വലിയ തിരക്കുള്ളതും വിദ്യാലയ സമീപവുമുള്ള ഈ കടയിൽ നിന്നും നമ്മുടെ വിദ്യാർത്ഥികൾക്കും മറ്റും ഒന്നും സംഭവിക്കാതിരിക്കട്ടെ.
Post Your Comments