തിരുവനന്തപുരം: വേണാട് എക്‌സ്പ്രസിന്റെ പുതിയ കോച്ചുകള്‍ ഒരാഴ്ച്ചക്കുള്ളില്‍ നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍. ട്രെയിനിലെ പുതിയ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ആധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) റേക്കുമായി നവംബര്‍ ഏഴ് മുതലാണ് വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂര്‍ തിരുവനന്തപുരം പാതയില്‍ സര്‍വീസ് നടത്തുന്നത്. സീറ്റും മറ്റും നശിപ്പിക്കപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇതു സംബന്ധിച്ചു റെയില്‍വേ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Read also: വേണാട് എക്സ്പ്രസ്സ് പുതുപുത്തൻ രൂപത്തിൽ, ഇതിനെ ഇതുപോലെ സംരക്ഷിക്കണമെന്ന അപേക്ഷയുമായി യാത്രക്കാർ
ശുചിമുറിയില്‍ ആളുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വാതിലില്‍ ഇന്‍ഡിക്കേഷന്‍ സംവിധാനം, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കന്‍ഡ് സിറ്റിംഗ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടര്‍ എന്നിവയാണ് വേണാട് എക്സ്പ്രസില്‍ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങള്‍. മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന പ്ലഗ് പോയിന്റുകളും സാമൂഹ്യ വിരുദ്ധര്‍ തല്ലിതകര്‍ത്തിട്ടുണ്ട്. മികച്ച സൗകര്യങ്ങള്‍ ഉള്ള കോച്ചില്‍ നാശം വരുത്തിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. സര്‍വീസ് ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ത്തന്നെ കോച്ചുകളില്‍ കേടുപാടുകള്‍ വരുത്തിയെന്നാണ് റെയില്‍വേ അധികൃതരുടെ നിഗമനം.
Post Your Comments