തിരുവനന്തപുരം: യൂണിവേഴ്സിറ്റികളില്‍ നടക്കുന്നത് ജലീല്‍ പാസ്സ് ആണെന്ന് മുന്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബ് എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു. 2019- ലെ സര്‍വ്വകലാശാല നിയമങ്ങളും. ഭേദഗതികളും എന്ന ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
കേരള സര്‍വ്വകലാശാല , മഹാത്മാഗാന്ധി സര്‍വ്വകലാശാല , കോഴിക്കോട് സര്‍വ്വകലാശാല , ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ,കണ്ണൂര്‍ സര്‍വ്വകലാശാല , ഉയര്‍ന്ന നിയമ പഠനങ്ങള്‍ക്കുള്ള ദേശീയ നിയമ സര്‍വ്വകലാശാല ,കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ,തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല , ഡോ.എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല എന്നീ സര്‍വ്വകലാശാലകളിലെ റജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവരുടെ കാലാവധി നാല് വര്‍ഷമായി നിജപ്പെടുത്തിക്കൊണ്ട് ഭേദഗതി കൊണ്ടുവരുന്നത് നിലവാരത്തകര്‍ച്ചയായിരിക്കും ഫലം ചെയ്യുക എന്നും പി.കെ അബ്ദു റബ്ബ് അപിപ്രായപ്പെട്ടു.
വെറ്റിനറി സര്‍വ്വകലാശാല ,ഫിഷറീസ് സര്‍വ്വകലാശാല എന്നീ സര്‍വ്വകലാശാലകളെ അപേക്ഷിച്ച് നമ്മുടെ പൊതു ധാരയിലുള്ള സര്‍വ്വകലാശാലകള്‍ NAAC, National Institute of Ranking Frame Work തുടങ്ങിയ കാര്യങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു എന്ന് നമുക്കറിയാം. ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ തീരുമാനപ്രകാരമാണ് ഈ ഭേദഗതി എന്നാണു ബഹുമാനപ്പെട്ട മന്ത്രി പറയുന്നത്.എന്നാല്‍ ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. വൈസ് ചെയര്‍മാന്റെ തീരുമാനം ഒരിക്കലും കൗണ്‍സില്‍ തീരുമാനം ആകുന്നില്ല. ഇങ്ങനെ ഒരു തീരുമാനം കൗണ്‍സില്‍ മിനിട്സില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നാണറിയുന്നത്. ഈ കാര്യം തീര്‍ച്ചയായും അന്വേഷിക്കണം .
മാര്‍ച്ച്-6 നു പുറത്തിറക്കിയ ഉത്തരവ് അനുസരിച്ചാണ് പുതിയ ഭേദഗതി വരുന്നത്.അതിനു ശേഷം നമ്മുടെ യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന കാര്യം പരിശോധിച്ചാല്‍ ഞാന്‍ നേരത്തെ പറഞ്ഞ കാര്യം ബോധ്യമാകും.സ്വന്തക്കാരുടെ നിയമനം, പരീക്ഷാക്രമക്കേടുകള്‍ , മാര്‍ക്ക് ദാനം , ഉത്തരക്കടലാസ് മോഷണം പോകല്‍ , മോഡറെഷന്‍, കോപ്പിയടി എന്നിവ നിര്‍ബാധം നടന്നു വരികയാണ്.ഇതിനു പുറമേയാണ് മന്ത്രിയുടെ മോഡറെഷന്‍ “ജലീല്‍ പാസ്സ്” ഉം നടക്കുന്നത്.ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഒരു വര്‍ഷത്തെ ഡെപ്യുട്ടെഷനില്‍ ആണ് പുതിയ രജിസ്ട്രാറെ നിയമിച്ചിരിക്കുന്നത്.ഇദ്ദേഹം സര്‍ക്കാര്‍ കോളേജിലോ , അര്‍ദ്ധ സര്‍ക്കാര്‍ കോളേജിലോ ജോലി ചെയ്തിട്ടില്ല .ഒരു എയ്ഡഡ് കോളേജ് ലെ അധ്യാപകനാണ് ഇദ്ദേഹം. കോളേജ് പ്രിസിപ്പളോ, ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ആയ എച്ച്.ഒ.ഡി പോസ്റ്റിലോ പ്രവര്‍ത്തിക്കുകയോ , ഇത്തരം പ്രവര്‍ത്തന പരിചയമോ ഇല്ല. സിണ്ടിക്കേറ്റ്, സെനറ്റ് മെമ്പര്‍ ആയിരിന്നു എന്നത് മാത്രമാണ് ഇദ്ദേഹത്തിന്റെ യോഗ്യതയായി പറയുന്നത് . സിണ്ടിക്കേറ്റ് മെമ്പര്‍, സെനറ്റ് മെമ്പര്‍ എന്നത് റജിസ്ട്രാര്‍ നിയമനത്തിന്റെ യോഗ്യതയല്ല. ഇത് ഒരു യോഗ്യതയോ, തസ്തികയോ അല്ല. ഇവിടെ ഉത്തരക്കടലാസ്സുകള്‍ കാണാതായി , പിന്നീട് കിട്ടി. ഒരു അദ്ധ്യാപകന്‍ മൂല്യ നിര്‍ണ്ണയം നടത്തി കൗണ്ടര്‍ ഫോയില്‍ അടക്കമാണ് തിരിച്ചു നല്‍കിയത്. കേരള യൂനിവേഴ്സിറ്റിയില്‍ 2016 മുതല്‍ 2019 വരെ വര്‍ഷാവര്‍ഷങ്ങളില്‍ പരീക്ഷകളില്‍ മാര്‍ക്ക് കൂട്ടിക്കൊടുത്തു. ഒരു ഡെപ്യുട്ടി രജിസ്ട്രാര്‍ ആണ് ഈ കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണറിയുന്നത്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലും കാര്യങ്ങള്‍ വിത്യസ്തമല്ല. അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവും , പ്രതിപക്ഷ ഉപനേതാവും, ശ്രീ.റോജിയും ഈ കാര്യങ്ങള്‍ സൂചിപ്പിക്കുകയുണ്ടായി.
യൂണിവേഴ്സിറ്റി കോളേജിലെ പ്രമാദമായ പി.എസ്.സി പരീക്ഷാ തട്ടിപ്പിനും പുറമേ അവിടത്തെ പരീക്ഷയുടെ ഉത്തരക്കടലാസ്സുകള്‍ അവിടത്തെ വിദ്യാര്‍ഥി നേതാക്കളുടെ വീടുകളില്‍ നിന്നും പോലീസ് കണ്ടെടുക്കുകയുണ്ടായി. നാല് വര്‍ഷം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ സ്ഥാനത്തു നിന്നും മാറ്റിയ കോഴിക്കോട് സര്‍വ്വകലാശാലയിലെ രജിസ്ട്രാര്‍ ഡോ.അബ്ദുല്‍ മജീദിനു ഇപ്പോഴും പകരം നിയമനം നല്‍കിയിട്ടില്ല.സൂപ്പര്‍ ന്യുമററി തസ്തിക സൃഷ്ടിച്ചു അദ്ദേഹം ജോലി ചെയ്തിരിന്ന സ്ഥാപനമായിരിന്ന മുട്ടം MAMO കോളേജില്‍ നിയമിക്കുന്നതിനു തീരുമാനിച്ചെങ്കിലും കോളേജ് മാനേജ്മെന്റ് നു സൂപ്പര്‍ ന്യുമററി തസ്തിക സൃഷ്ടിക്കുന്നതില്‍ ഉത്തരവാദിത്തം ഇല്ല എന്നു പറഞ്ഞതായാണ് അറിവ്.
രജിസ്ട്രാര്‍ മാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സ് ആക്കിയതിന്റെ അടിസ്ഥാനത്തില്‍ 60 വയസ്സ് പൂര്‍ത്തിയാക്കിയാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ രജിസ്ട്രാര്‍ സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ വിരമിക്കാന്‍ ഇനിയും സര്‍വ്വീസ് ബാക്കി കിടക്കുമ്പോഴാണ് മറ്റു പലരും ഈ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സ്ഥാനം ഒഴിയേണ്ടി വരുന്നത്.ഭാവിയില്‍ വരുന്ന തസ്തികകളില്‍ മാത്രം ഈ ഭേദഗതി ബാധകമാക്കുകയാണെങ്കില്‍ ഈ പ്രയാസം ഒഴിവാക്കാമായിരിന്നു.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ സ്കൂള്‍ അധ്യാപകനെ വൈസ് ചാന്‍സലര്‍ ആയി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചു എന്നത് വസ്തുത വിരുദ്ധമാണ്.ഡോ.വി.പി അബ്ദുല്‍ ഹമീദിനെ കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആയി നിയമിച്ചിട്ടില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആയി നിയമിക്കപ്പെട്ട പ്രൊഫസര്‍ അന്‍വര്‍ ജഹാന്‍ സുബേരി ക്ക് ഡോക്ടറെറ്റ് പോലും ഉണ്ടായിരിന്നില്ല.
മലയാളം യൂണിവേഴ്സിറ്റി ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതും, സ്ഥലം നിര്‍ണ്ണയിച്ചതും യുഡിഎഫ് സര്‍ക്കാരിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിന്ന ഞാനും, തിരൂര്‍ നിയോജക മണ്ഡലം എം.എല്‍.എ ശ്രീ.മമ്മുട്ടിയും ആണെന്ന് പലതവണ ബഹുമാനപ്പെട്ട മന്ത്രിയും, ഭരണ പക്ഷവും ആരോപിച്ചിരിന്നു. എന്നാല്‍ പിരിഞ്ഞുപോയ വൈസ് ചാന്‍സലര്‍ ഡോ.ജയകുമാര്‍ 10-07-2017 ല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും എഴുതിയ കത്തും, നാഷണല്‍ ഗ്രീന്‍ ട്രിബ്യുണലിന്റെ ഉത്തരവും എന്‍റെ കയ്യില്‍ ഉണ്ട്, സംശയമുള്ളവര്‍ക്ക് പരിശോദിക്കാം. നിങ്ങളുടെ പക്കലുള്ള ഫയലിലും പരിശോദിച്ചാല്‍ കാണും.ഈ സര്‍ക്കാര്‍ ആണ് സ്ഥലമെടുപ്പിനു ധൃതിപിടിച്ചു തീരുമാനം എടുത്തത്. നാഷണല്‍ ഗ്രീന്‍ ട്രിബ്യുണലിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതിനു മുന്‍പ് തന്നെ വലിയ വിലകൊടുത്ത് ഭൂമി രജിസ്റ്റര്‍ ചെയ്യിച്ചത് ഭൂമാഫിയക്കും , എല്‍.ഡി.എഫ് നും അഴിമതി നടത്തുന്നതിനു ആണ് വ്യക്തമാണ്.ഈ കാര്യങ്ങള്‍ എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതുമാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ താനൂര്‍ മണ്ഡലത്തിന് വേണ്ടി താനൂര്‍ നഗരസഭയില്‍ അനുവദിച്ച സര്‍ക്കാര്‍ കോളേജ് നല്ല നിലയില്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ഫിഷറീസിന്റെ സ്ഥലത്താണ് കോളേജ് താല്‍കാലികമായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച ബഹു.മന്ത്രി നിയമസഭയില്‍ പറഞ്ഞത് താനൂര്‍ കോളേജിനു സ്ഥലം വാങ്ങുന്നതിനും, കെട്ടിടം നിര്‍മ്മിക്കുന്നതിനും പണം അനുവദിക്കും എന്നാണു. എന്നാല്‍ ഈ കോളേജ് മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. മലയാളം യൂണിവേഴ്സിറ്റി പോലെ ഈ ഭൂമി ഇടപാടിലും അഴിമതിക്കാണ് താല്‍പര കക്ഷികള്‍ ശ്രമം നടത്തുന്നത് എന്ന് നാട്ടില്‍ പരക്കെ സംസാരം ഉണ്ട്. അഴിമതി രഹിത സര്‍ക്കാര്‍ എന്ന് നാഴികക്ക് നാല്പതു വട്ടം ആവര്‍ത്തിക്കുമ്പോഴും അഴിമതിക്കാര്‍ക്ക് കുഴലൂത്ത് നടത്തുന്ന നടപടിയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. ഈ കാര്യത്തിലും സര്‍ക്കാരിന്റെ നിലപാട് ബഹുമാനപ്പെട്ട മന്ത്രി വ്യക്തമാക്കണമെന്നും അബ്ദുറബ്ബ് ആവശ്യപ്പെട്ടു.
Post Your Comments