മലപ്പുറം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗുരുവായൂര്‍ ടെമ്പിള്‍ സ്‌റ്റേഷന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരുന്ന ശനിയാഴ്ച്ച നടന്ന പരിപാടിയിൽ, മാസ്‌ക്ക് ധരിക്കാതെ ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥര്‍ എടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് അബ്ദുറബ്ബിന്റെ വിമർശനം. അധികാരിവർഗം മാസ്കിൻ്റെയും മറ്റും പേരിൽ തെരുവിൽ സാധാരണക്കാരൻ്റെ പോക്കറ്റ് പിഴിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൊട്ടടുത്തുള്ള മകൻ്റെ വീട്ടിലേക്ക് പോകവെ വൃദ്ധസ്ത്രീക്ക് മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ പിഴയീടാക്കി അതൊക്ക റെക്കോര്‍ഡ് ചെയ്ത നാട്ടിൽ, സാധാരണക്കാർക്കും അധികാരികൾക്കും രണ്ടു നീതിയാണെന്ന് അബ്ദുറബ്ബ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘കാരണോര്‍ക്ക് അടുപ്പിലുമാവാം’, എന്നും അദ്ദേഹം തന്റെ കുറിപ്പിൽ പരിഹസിക്കുന്നു.
ഡിജിപി, ഐജി, ഡി ഐഡി, കമ്മീഷണര്‍, എന്നിവരുൾപ്പെടെ മുപ്പതോളം ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.
പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പൂർണ്ണരൂപം.
തൊട്ടടുത്തുള്ള മകൻ്റെ വീട്ടിലേക്കു നടന്നു പോകുന്ന വൃദ്ധസ്ത്രീയെ വരെ (അവരുടെ നിഷ്കളങ്കത ബോധ്യപ്പെട്ടിട്ടും) മാസ്കില്ലെന്ന കാരണം പറഞ്ഞ് ഒട്ടേറെ നേരം പീഢിപ്പിച്ച് വീഡിയോ വരെ ഷൂട്ട് ചെയ്ത നാട്ടിലാണിത്..! വേലി തന്നെ വിള തിന്നുന്ന ഇത്തരം മാസ്കില്ലാ കാഴ്ചകൾക്കിടയിലും അധികാരിവർഗം മാസ്കിൻ്റെയും മറ്റും പേരിൽ തെരുവിൽ സാധാരണക്കാരൻ്റെ പോക്കറ്റ് പിഴിയുകയുമാണ്.
ഒരേ രാജ്യം, രണ്ടു നീതി. കാരണോർക്ക് അടുപ്പിലുമാവാം.
Post Your Comments