കൊച്ചി: ദേശീയ പുരസ്‌കാരം നേടിയ ‘സ്വപ്നാടനം’ സിനിമയുടെ നിർമാതാവ് പാർസി മുഹമ്മദ് അന്തരിച്ചു. മാറഞ്ചേരി സ്വദേശിയായ മുഹമ്മദ് ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖത്തിലായിരുന്നു. ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ട് 5 മണിയോടെയായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യത്തെ മനശാസ്ത്ര പംക്തികാരൻ എന്ന സവിശേഷതകൂടിയുണ്ട് അദ്ദേഹത്തിനുണ്ട്. മാതൃഭൂമി വാരാന്തപ്പതിപ്പിൽ തുടങ്ങിയ ‘അൽപ്പം മനശ്ശാസ്ത്രം’ എന്ന കോളത്തിലൂടെ അദ്ദേഹം മലയാളത്തിലെ ആദ്യ മനശാസ്ത്ര കോളമെഴുത്തുകാരനുമായി. സൈക്കോ മുഹമ്മദെന്നു കൂടി അറിയപ്പെട്ടിരുന്ന മാറഞ്ചേരിക്കാരൻ പാർസി മുഹമ്മദ്, മലപ്പുറത്തെ കൊച്ചു ഗ്രാമത്തിൽ നിന്ന് മുഹമ്മദ് റാഫി, കിഷോർ കുമാർ, ലതാ മങ്കേഷ്‌കർ, ആശാ ഭോസ്ലെ തുടങ്ങിയവരുടെ സൗഹൃദവലയത്തിലേക്ക് വളരുകയായിരുന്നു.
ALSO READ: ട്രാൻസ് ജെൻഡർ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
മാറഞ്ചേരി പുറങ്ങിൽ മുഹമ്മദലി -ആയിശ ദമ്പതിമാരുടെ മൂത്തമകനായി പിറന്ന മുഹമ്മദ് ബാപ്പു പാർസി മുഹമ്മദും സൈക്കോ മുഹമ്മദുമായത് സിനിമകളെവെല്ലുന്ന കഥയാണ്. ജീവിക്കാനായി മുബൈയിലെത്തി കിട്ടിയ ജോലികളൊക്കെ ചെയ്യുന്നതിനിടയിൽ കലാകാരൻമാർ, രാഷ്ട്രീയക്കാർ, സിനിമക്കാർ, അധോലോക നായകർ തുടങ്ങിയവരെല്ലാം ബാപ്പുവിന്റെ സുഹൃത്തുക്കളായി. ഹാജി മസ്താൻ, കരീം ലാല, വരദരാജ മുതലിയാർ തുടങ്ങിയവരും ഇതിൽപ്പെടും. പത്രപ്രവർത്തകനായ യഹിയ പി ആമയം രചിച്ച ഇദ്ദേഹത്തിന്റെ ജീവചരിത്രം -പാർസി മുഹമ്മദ് ജീവിതം, സൗഹൃദം, കല എന്ന പുസ്തകങ്ങൾ എൺപതാം പിറന്നാളിനോടനുബന്ധിച്ചു പുറത്തിറക്കിയിരുന്നു.
Post Your Comments