പത്തനംതിട്ട : ശബരിമലയിലേക്ക് എത്തിയ 10 യുവതികളെ തിരിച്ചയച്ചു. വിജയവാഡയിൽ നിന്നെത്തിയ സംഘത്തെയാണ് പമ്പയില്‍ നിന്നും പോലീസ് തിരിച്ചയച്ചത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമാണ് നടപടി. ശബരിമലയിലെ ആചാരത്തെ കുറിച്ച് പോലീസ് വിശദീകരിച്ചതോടെ ഇവർ പിന്മാറുകയായിരുന്നു. സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതി പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ശബരിമല സന്ദർശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായം പൊലീസ് പരിശോധിക്കുന്നുണ്ട്. പമ്പയിലാണ് പ്രായ പരിശോധന നടക്കുന്നത്. സ്ത്രീകളുടെ ആധാർ കാർഡ് പരിശോധിച്ച് ഇവരുടെ പ്രായം ഉറപ്പിച്ച ശേഷമാണ് കാനനപാതയിലേക്ക് കടത്തി വിടുന്നത്. അതേസമയം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ പോലീസ് കടത്തിവിട്ടു തുടങ്ങി. മണ്ഡലകാല ആരംഭത്തിനായി ശബരിമല നട ഇന്ന് വൈകിട്ടാണ് തുറക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ്മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കും. നെയ്യ് വിളക്ക് തെളിച്ച് ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാലത്തിന് തുടക്കം കുറിക്കും.
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് വിശ്വാസ സംരക്ഷണം സംബന്ധിച്ച ഏഴ് കാര്യങ്ങളിൽ വിശാല ബെഞ്ചിന്‍റെ തീരുമാനം വന്നിട്ട് മതിയെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടങ്ങിയ അഞ്ചംഗ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ലെങ്കിലും അന്തിമ വിധി വന്ന ശേഷം മതി യുവതീ പ്രവേശനം എന്ന നിലപാടിൽ സർക്കാരും, സിപിഎമ്മും എത്തിയത്.
Also read : ശബരിമല യുവതി പ്രവേശനം : സർക്കാർ നിലപാടിനെതിരെ വിമർശനവുമായി പുന്നല ശ്രീകുമാര്‍
ഇത്തവണ നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നില്ലെന്ന് പത്തനംതിട്ട കലക്ടര്‍ പിബി നൂഹ് ഇന്നലെ അറിയിച്ചിരുന്നു. പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞയില്ല. നിരോധനാജ്ഞയുടെ ആവശ്യമില്ലെന്നും പത്തനതിട്ട പി ബി നൂഹ് വ്യക്തമാക്കി. യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. എന്നാല്‍ ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും. അതോടൊപ്പം തന്നെ പമ്പയിലെ പോലീസ് ചെക് പോസ്റ്റ് ഇത്തവണ ഉണ്ടാവില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹറ പറഞ്ഞ. പമ്പയില്‍ തല്‍ക്കാലം ചെക് പോസ്റ്റ് വേണ്ടെന്നാണ് തീരുമാനം. പിന്നീട് കാര്യങ്ങള്‍ വിലയിരുത്തി മാറ്റം വേണമെങ്കില്‍ ആലോചിക്കുമെന്ന് ഡിജിപി വ്യക്തമാക്കി
Post Your Comments